ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; തല മൊട്ടയടിച്ച് നടത്തി


AUGUST 27, 2019, 8:04 PM IST

ഗയ: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ ശിക്ഷാനടപടിയെന്ന നിലയില്‍ തലമൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു.പഞ്ചായത്ത് കെട്ടിടത്തിന് സമീപം അവശ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കുന്നതിന് പകരം പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തല മുണ്ഡനം ചെയ്യപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഗ്രാമത്തിലൂടെ നടക്കേണ്ടി വന്നു.ഗയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

വാഹനത്തിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് പ്രദേശത്തെ പഞ്ചായത്ത് കെട്ടിടത്തിന് മുകളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ട ഗ്രാമവാസിയാണ് ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് മാറ്റി. അതിനിടെ വീട്ടിലെത്തിയ പഞ്ചായത്ത് അംഗങ്ങള്‍ കുട്ടിയെ ശിക്ഷിക്കാനാണ് മുതിര്‍ന്നത്. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ഇതെന്ന് കരുതുന്നു.

പിന്നീട് പെണ്‍കുട്ടിയും അമ്മയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെക്കണ്ട് പരാതിപ്പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ആറുപേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിക്ക് ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ച അഞ്ച് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും എല്ലാവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ആറംഗ സംഘത്തിലെ ഒരാളും പിടിയിലായി.. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ബിഹാര്‍ വനിതാ കമ്മീഷന്‍ ഗയ പോലീസ് സൂപ്രണ്ടിന് നോട്ടീസയച്ചിട്ടുണ്ട്. എല്ലാ പഞ്ചായത്ത് അംഗങ്ങളും സെപ്റ്റംബര്‍ രണ്ടിനകം ഹാജരാകാനും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

Other News