മൂന്നുകൊല്ലം മുമ്പ് കാണാതായ ഭര്‍ത്താവിനെ ഭാര്യ വീണ്ടും കാണുന്നത് ടിക് ടോക് വീഡിയോയില്‍


JULY 4, 2019, 4:49 PM IST

ഹൊസൂര്‍:  മൂന്നുവര്‍ഷം മുമ്പ് തന്നെയും മക്കളെയും ഉപേക്ഷിച്ച് എങ്ങോട്ടോ പോയ ഭര്‍ത്താവിനെ ഭാര്യ വീണ്ടും കാണുന്നത് ടിക് ടോക് വീഡിയോയില്‍.

2016 ല്‍ തമിഴ്‌നാട്ടിലെ വില്ലുപുറം ജില്ലയില്‍ നിന്ന് കാണാതായ സുരേഷ് എന്നയാളെയാണ് ടിക് ടോക് വീഡിയോയിലൂടെ ഭാര്യ 200 കിലോമീറ്റര്‍ അകലെയുള്ള ഹൊസൂറില്‍ കണ്ടെത്തിയത്. നാടുവിട്ടതിനുശേഷം ഭര്‍ത്താവ് എവിടെയാണെന്നറിയാതെ അന്വേഷിക്കുകയായിരുന്നു ഭാര്യ.

ഭര്‍ത്താവിനെകാണാനില്ലെന്ന് പോലീസിലും പരാതിപ്പെട്ടിരുന്നു. അതേ സമയം നാടുവിട്ടുപോയ സുരേഷ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമായി അടുപ്പത്തിലായതിനുശേഷം അവരോടൊപ്പം ഹൊസൂറില്‍ ജീവിക്കുകയായിരുന്നു. ഇതിനിടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടാകുന്നത്.

സുരേഷ് ട്രാന്‍സ്‌ജെന്‍ഡറായ കാമുകിക്കൊപ്പം ടിക് ടോക്കില്‍ പോസ്റ്റുചെയ്ത വീഡിയോ ഒരു ബന്ധു കാണാനിടവരികയും ഇക്കാര്യം സുരേഷിന്റെ ഭാര്യയെ അറിയിക്കുകയുമായിരുന്നു. സുരേഷിനെ കണ്ടെത്താനായി ഭാര്യ വീണ്ടും പോലീസിനെ സമീപിച്ചു നടത്തിയ അന്വേഷണമാണ് വിജയം കണ്ടത്.

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ സംഘടനകളുടെ സഹായത്തോടെയാണ് പോലീസ് സുരേഷിനെ കണ്ടെത്തി ഭാര്യയുമായി കൂട്ടിയിണക്കിയത്. തെറ്റ് മനസിലാക്കിയ സുരേഷ് ഇനിയുള്ള കാലം ഭാര്യക്കൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

Other News