മിഥാലി രാജ് അന്താരാഷ്ട്ര ട്വന്റി - 20 മതിയാക്കി


SEPTEMBER 4, 2019, 1:52 AM IST

ന്യൂഡല്‍ഹി:ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ് അന്താരാഷ്ട്ര ട്വന്റി -20 മത്സരത്തില്‍ നിന്ന് വിരമിച്ചു. 2021 ലെ ലോകകപ്പ് ലക്ഷ്യമിട്ട് ഏകദിനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുന്‍ ക്യാപ്റ്റൻ കൂടിയായ ഈ 36 കാരി ചെറു ഫോര്‍മാറ്റിനോട് വിട പറയുന്നത്.

2006ല്‍ ഇന്ത്യയുടെ ആദ്യ വനിതാ അന്താരാഷ്ട്ര ട്വന്റി - 20 മത്സരത്തില്‍ ക്യാപ്റ്റനായി അരങ്ങേറിയ മിഥാലി 89 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വിരമിക്കുമ്പോള്‍ 2364 റണ്‍സുമായി ഈ ഫോര്‍മാറ്റിലെ ടോപ് സ്കോററാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഗോഹട്ടിയില്‍ ഇംഗ്ളണ്ടിനെതിരെയാണ് അവസാന ട്വന്റി - 20 കളിച്ചത്.

കഴിഞ്ഞവര്‍ഷം നടന്ന ട്വന്റി - 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ മികച്ച ഫോമിലായിരുന്ന മിഥാലിയെ ഒഴിവാക്കിയ് വിവാദമായിരുന്നു.32 ട്വന്റി - 20 മത്സരങ്ങളിലാണ് മിഥാലി ഇന്ത്യയെ നയിച്ചത്. ഇതില്‍ മൂന്ന് ലോകകപ്പുകളും (2012, '14, '16) ഉള്‍പ്പെടുന്നു.

പുരുഷ - വനിതാ ട്വന്റി - 20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ 2000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മിഥാലി.2364റണ്‍സാണ് ട്വന്റി - 20യിലെ മിഥാലിയുടെ സമ്പാദ്യം.89 മത്സരങ്ങളാണ് ട്വന്റി - 20 ഫോര്‍മാറ്റില്‍ മിഥാലി കളിച്ചത്.203 ഏകദിനങ്ങളും പത്ത് ടെസ്റ്റുകളും താരം കളിച്ചിട്ടുണ്ട്.

''രാജ്യത്തിനായി ഒരു ലോകകപ്പ് നേടുക എന്നത് എന്റെ സ്വപ്‌നമാണ്. 2021 ലെ ഏകദിന ലോകകപ്പിലെങ്കിലും കിരീടം നേടണം. അതിനുള്ള തയ്യാറെടുപ്പിനായാണ് ട്വന്റി - 20യില്‍ നിന്ന് വിരമിക്കുന്നത്. എനിക്ക് നല്‍കിയ പിന്തുണയ്ക്ക് ബി സി സി ഐയോട് കടപ്പാടുണ്ട്-മിഥാലി രാജ് പറഞ്ഞു.

Other News