രാജ്യത്ത് ഫോൺ വിളികൾക്ക് ഇന്ന് അർധരാത്രി മുതൽ ചെലവേറും


NOVEMBER 25, 2021, 11:17 AM IST

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു. വ്യാഴാഴ്ച അർധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഉപയോക്താവിൽനിന്നുള്ള ശരാശരി പ്രതിമാസ വരുമാനം(എആർപിയു) വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി.

ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയുമാണ് നിരക്കുയർത്തിയത്. പ്രീപെയ്ഡ് താരിഫ് നിരക്കുകളിൽ 20 മുതൽ 25 ശതമാനവും ടോപ്പ് അപ് പ്ലാൻ താരിഫുകളിൽ 19 മുതൽ 21 ശതമാനവും വർധനയാണ് വോഡഫോൺ ഐഡിയ വരുത്തിയത്.

ഇതോടെ, പ്രതിദിനം ഒരു ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങിയവ നല്കുന്ന 219 രൂപയുടെ പ്ലാനിന് 269 രൂപയും 249 രൂപയുടെ പ്ലാനിന് 299 രൂപയുമാകും. 299 രൂപയുടെ പ്ലാനിന് 359 രൂപയാണ് പുതിയ നിരക്ക്.

പ്രീപെയ്ഡ് കോൾ നിരക്കുകൾ 25 ശതമാനം ആണ് എയർടെൽ കൂട്ടിയത്. പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്ക് തൽകാലം വർധനയില്ല. എയർടെൽ നിലവിലെ 79 രൂപയുടെ റീചാർജ് പ്ലാൻ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാൻ 179 രൂപയാക്കി വർധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി.

Other News