ജി7 ഉച്ചകോടിക്കിടെ മോഡി ട്രംപ് കൂടിക്കാഴ്ച ഇന്ന്; കശ്മീര്‍ ചര്‍ച്ചയാകും


AUGUST 26, 2019, 11:46 AM IST

ബിയാറിറ്റ്‌സ് (ഫ്രാന്‍സ്): കശ്മീര്‍ വിഷയം സജീവമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ യുഎസ്  പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും  ഇന്ന് കൂടിക്കാഴ്ച നടത്തും. കശ്മീര്‍ തന്നെയാകും ഇരുവരുടെ പ്രധാന ചര്‍ച്ചാവിഷയമെന്നാണ് കരുതുന്നത്.

കശ്മീരില്‍ മധ്യസ്ഥത വഹിക്കാന്‍ ഒരുക്കമാണെന്ന ട്രംപിന്റെ പ്രസ്താവനക്കിടെ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമാണുള്ളത്. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്നും മധ്യസ്ഥത ആവശ്യമില്ലെന്നുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിലപാടെടുത്തിരുന്നു. മോദിട്രംപ് കൂടിക്കാഴ്ചയോടെ ഇതില്‍ മാറ്റം വരമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റനോക്കുന്നത്. കശ്മീര്‍ വിഷയം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ട്രംപ് ഒന്നിലേറെ പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തന്നോട് അഭ്യര്‍ഥിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു. കശ്മീര്‍ വിഷയം കൂടാതെ അമേരിക്കയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും ചര്‍ച്ചയാകും.

Other News