കോവിഡ് കുതിക്കുന്നു; ആശങ്കയോടെ കേന്ദ്രം; ഈയാഴ്ച മോഡി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും


SEPTEMBER 20, 2020, 9:18 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ ലക്ഷം കടക്കുകയും പ്രതിദിന വൈറസ് ബാധയിലും മരണത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. ആശങ്കാജനകമായ സാഹചര്യം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഈയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും.

രാജ്യത്ത്  24 മണിക്കൂറിനിടെ 93,337 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. 1,247 പേര്‍ പുതുതായി മരിച്ചതോടെ മരണസംഖ്യ 85,619  ആയി. അതേസമയം, രോഗമുക്തി നിരക്ക് 79 ശതമാനം കടന്നത് ആശ്വാസമായി.

ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തില്‍ സമ്പദ് വ്യവസ്ഥ  പൂര്‍ണമായി തുറന്നതോടെ അടുത്തഘട്ട സാമ്പത്തിക പാക്കേജും സര്‍ക്കാര്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കുന്നത്.

സംസ്ഥാനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ തോതിലേക്ക് കോവിഡ് ബാധിതരുടെ എണ്ണം കടക്കുന്നത് ആശങ്കയോടെയാണ് കേന്ദ്രം നോക്കികാണുന്നത്.

രോഗബാധിതരാകുന്നവരില്‍ നിരവധി പേര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ന്നും നേരിടേണ്ടി വരുന്നത് അടക്കമുളള കാര്യങ്ങളില്‍ കൂടിയാലോചനകള്‍ ഉണ്ടാകും. ഇതിനൊപ്പം അടുത്ത അണ്‍ലോക്ക് ഘട്ടത്തെക്കുറിച്ചുള്ള തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

Other News