യുഎന്‍ സുരക്ഷാ സമിതിയോഗം മോഡി നിയന്ത്രിക്കും ; 75 വര്‍ഷത്തിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി അധ്യക്ഷനാകുന്നത് ആദ്യം


AUGUST 2, 2021, 7:43 AM IST

ന്യൂഡല്‍ഹി : ഓഗസ്റ്റ് 9 ന് ചേരുന്ന ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതി യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അധ്യക്ഷത വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വിര്‍ച്വല്‍ ആയാണ് സുരക്ഷാ സമിതി യോഗം ചേരുന്നത്.

ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ (യുഎന്‍എസ്സി) യോഗത്തില്‍ അധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് ഐക്യരാഷ്ട്രസഭയിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍. 75 വര്‍ഷങ്ങള്‍ക്കിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎന്‍എസ്സിയുടെ ഒരു പരിപാടിയില്‍ അധ്യക്ഷത വഹിക്കുന്നത് ഇതാദ്യമായാണെന്നും മുന്നില്‍ നിന്ന് നയിക്കാന്‍ നേതൃത്വം ആഗ്രഹിക്കുന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് വിദേശനയങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മീറ്റിങ് വെര്‍ച്വല്‍ രീതിയിലാണെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്ന സംഭവം ആദ്യമായതിനാല്‍ ഇതിന് ചരിത്രപരമായി പ്രാധാന്യമുണ്ട്. 1992 ല്‍ നടന്ന യുഎന്‍എസ്സി യോഗത്തില്‍ ഇന്ത്യ പങ്കെടുക്കവെ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിനെ അധ്യക്ഷനാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നതായും അക്ബറുദ്ദീന്‍ ഓര്‍മിച്ചു.

ഞായറാഴ്ചയാണ് യുഎന്‍എസ്സിയുടെ ഓഗസ്റ്റ് മാസത്തിലെ പ്രസിഡന്റ് സ്ഥാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ ഏറ്റെടുത്തത്. സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവിരുദ്ധത എന്നീ വിഷയങ്ങളെ സംബന്ധിച്ച രാജ്യം ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല എന്നിവരും ആഗോള പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഉന്നതതല യോഗങ്ങള്‍ സംഘടിപ്പിക്കും.

ജൂലൈ മാസത്തില്‍ യുഎന്‍ സുരക്ഷ സമിതിയെ നയിച്ചതിന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ടിഎസ് തിരുമൂര്‍ത്തി, യുഎന്നിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി നിക്കോളാസ് ഡി റിവിയറിനോട് നന്ദി അറിയിച്ചു. സമാധാനപാലകരടെ ഓര്‍മക്കായി ഇന്ത്യ പരിപാടി സംഘടിപ്പിക്കുമെന്നും സിറിയ, ഇറാഖ്, സൊമാലിയ, യെമന്‍, മിഡില്‍ ഈസ്റ്റ് തുടങ്ങിയ നിരവധി സുപ്രധാന വിഷയങ്ങളും യുഎന്‍ സുരക്ഷ കൗണ്‍സിലിന്റെ അജണ്ടയില്‍ ഉണ്ടെന്ന് തിരുമൂര്‍ത്തി അറിയിച്ചു.

Other News