1.4 ട്രില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ നടപ്പാക്കുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം മോഡി പാലിച്ചാന്‍ ഇന്ത്യന്‍ സമ്പദ് ഘടനയക്ക് മികച്ച കുതിപ്പുണ്ടാകും


MAY 25, 2019, 2:41 AM IST

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മെഡി രണ്ടാമൂഴത്തിന് തയാറെടുക്കുകയാണ്. ബി.ജെ.പി അവതരിപ്പിച്ച തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മോഡി തയാറായാല്‍ ഇന്ത്യന്‍ സമ്പദ് ഘടനയ്ക്ക് അഭൂതപൂര്‍വമായ കുതിപ്പുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. കര്‍ഷകര്‍ക്ക് നേരിട്ട് സഹായം ലഭ്യമാക്കുന്നതിനു പുറമേ റോഡ് - റെയില്‍ മേഖലിലെ അടിസ്ഥാന സൗകര്യ വികസനത്തിനും, ഉത്പാദന മേഖല പുനരുജ്ജീവിപ്പിക്കുന്നതിനും, കയറ്റുമതി ഇരട്ടിയാക്കുന്നതിനുമുള്‍പ്പെടെ വിവിധ കാര്യങ്ങള്‍ക്കായി 2024 നു മുമ്പ് 1.4 ട്രില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ ബി.ജെ.പി അവകാശപ്പെട്ടിട്ടുള്ളത്. 

സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് പകരേണ്ടത് അത്യാവശ്യമായിട്ടുണ്ട്. വായ്പാ നയത്തില്‍ ബാങ്കുകള്‍ പുലര്‍ത്തുന്ന കര്‍ശന നിലപാട് കണ്‍സ്യൂമര്‍ സ്‌പെന്‍ഡിംഗ് മന്ദീഭവിക്കാന്‍ കാരണമായി. നിക്ഷേപങ്ങള്‍ കുറയുകയും, തൊഴിലില്ലായ്മ കുതിച്ചുയരുകയും ചെയ്തത് മറ്റൊരു തിരിച്ചടിയാണ്. മാര്‍ച്ചില്‍ അവസാനിച്ച ആദ്യപാദത്തില്‍ 6.5 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കു കൂട്ടുന്നത്. 2017 മധ്യത്തിനു ശേഷം സാമ്പത്തിക വളര്‍ച്ച ഇത്രയും താഴുന്നത് ഇതാദ്യമാണ്. 

ജനീകീയമായ തെരഞ്ഞെടുപ്പു വ്ഗാദനങ്ങള്‍ക്ക് പണം കണ്ടെത്തുക എന്നതാണ് മോഡി നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ബജറ്റ് കമ്മി നേരത്തെ തന്നെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. റവന്യൂ വരുമാനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടമെടുപ്പിനും, റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ മൂലധനം ലഭ്യമാക്കുന്നതിനുമായിരിക്കും ഗവണ്‍മെന്റ് ശ്രമിക്കുക. ധനക്കമ്മി വര്‍ധിക്കുന്നത് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗിനെ ദോഷകരമായി ബാധിക്കുന്ന ഘടകമാണ്. മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷം റോഡ് - റെയില്‍ വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 1.2 ട്രില്യണ്‍ രൂപയായിരിക്കെ, 2024 നു മുമ്പ് 100 ട്രില്യണ്‍ രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിക്കുവാന്‍ ലക്ഷ്യമിടുന്നത് വലിയൊരു ബാധ്യതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ആദ്യ ടേമില്‍ ചുവപ്പുനാടകള്‍ കുറയ്ക്കുന്നതിനും, കാലങ്ങളുടെ പഴക്കമുള്ള ബാങ്കിംഗ് നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിനും മോഡി തയാറായത് കയ്യടി നേടിയിരുന്നു. പക്ഷേ, ജി.എസ്.ടി നടപ്പാക്കിയതിലെ പോരായ്മകളും, നോട്ടു നിരോധനവും സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി നിക്ഷേപകരെ ആകര്‍ഷിച്ചാല്‍ മാത്രമേ സമ്പദ് ഘടനയ്ക്ക് ഉണര്‍വുണ്ടാവുകയുള്ളു. ആഗോള തലത്തില്‍ വ്യാപാര മേഖലയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥകളും, ഉയര്‍ന്ന എണ്ണ വിലയുമൊക്കെ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലെ വീഴ്ച മോഡിയുടെ ആദ്യ ടേമിലെ വലിയ പോരായ്മയായിരുന്നു. വായ്പാ നയം ഉദാരമാക്കിയും, സ്റ്റാര്‍ട്ട് അപ്പുകള്‍ക്കുള്ള നിയന്ത്രണം ലഘൂകരിച്ചും വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ യുവജനങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന തെരഞ്ഞെടുപ്പു വാഗാദ്‌നം തൊഴില്‍ മേഖലയില്‍ ഉണര്‍വു പകരാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 


Other News