മൂന്നു സേനകളെയും നിയന്ത്രിക്കാന്‍ ചീഫ് ഓഫ് ഡിഫന്‍സിനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി


AUGUST 15, 2019, 6:25 PM IST

ന്യൂഡല്‍ഹി:  രാജ്യത്തെ സൈനിക വിഭാഗങ്ങളെ ഒരുമിപ്പിച്ച് നിയന്ത്രിക്കാന്‍ പ്രത്യേക മേധാവിയെ നിയമിക്കുമെന്ന് പ്രധാനമന്ത്രി.

സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താനാണ്  പ്രതിരോധ മേധാവിയെ നിയമിക്കുമെന്നു നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. 73-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു സേനകളും തമ്മിലുള്ള ഏകോപനം സുഗമമാക്കാനാണ് പ്രതിരോധ മേധവിയെ നിയമിക്കുന്നത്. 1999-ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് പ്രതിരോധ മേധാവി വേണമെന്ന ആവശ്യം ആദ്യമായി ഉയര്‍ന്നു വന്നത്.

പല രാജ്യങ്ങളിലും സൈന്യത്തിന്റെ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന് ഉണ്ടാകുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ഉദ്യോഗസ്ഥന്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തി സൈന്യത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കും. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്(C-D-S) എന്നതായിരിക്കും പുതിയ പദവി.

'നമ്മുടെ സൈന്യം ഇന്ത്യയുടെ അഭിമാനമാണ്'- പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനാണ് പ്രതിരോധ മേധാവിയെ നിയമിക്കുമെന്ന സുപ്രാധാന തീരുമാനമെടുക്കുന്നത്. ഇത് സൈന്യത്തെ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ യുദ്ധ അവലോകന കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള മന്ത്രി തല സമിതിയും പ്രതിരോധ മേധാവിയെ നിയമിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടപ്പാകുന്നതോടെ  മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍  രാജ്യത്തുണ്ടാകും.

Other News