കശ്മീര്‍ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും  ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സ്


AUGUST 23, 2019, 3:25 PM IST

പാരീസ്: കശ്മീര്‍ പ്രശ്‌നം മൂന്നാം കക്ഷിയുടെ സഹായമില്ലാതെ  ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സ്.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് നിലപാട് വ്യക്തമാക്കിയത്. 

കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ആഭ്യന്തര കാര്യമാണെന്ന നിലപാടിന് വിവിധ രാജ്യങ്ങളുടെ പിന്തുണ നേടാന്‍ ഇന്ത്യ ശ്രമിച്ചുവരികയാണ്.മോഡിയും മാക്രോണും ഒന്നര മണിക്കൂറോളം നടത്തിയ ചര്‍ച്ചക്കു ശേഷം  ഇരുരാജ്യങ്ങളും നാലു കരാറുകളില്‍ ഒപ്പുവെച്ചു. ഇതിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മോഡ് ജമ്മു കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.

തുടര്‍ന്നു സംസാരിക്കവെയാണ് മാക്രോണ്‍ ഇന്ത്യയുടെ നിലപാടിനു പിന്തുണ അറിയിച്ചത്.ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനും ഇന്ത്യയും ചര്‍ച്ചകളിലൂടെ പരിഹാരം കാണണം. വിഷയത്തില്‍ ഒരു മൂന്നാം കക്ഷി ഇടപെടുകയോ അക്രമം പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടതില്ല.

മേഖലയില്‍ സമാധാനമുണ്ടാകണം. ഒപ്പം ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. കശ്മീര്‍ വിഷയം സംബന്ധിച്ച് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി സംസാരിക്കുമെന്നും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുമെന്നും മാക്രോണ്‍ വ്യക്തമാക്കി.

ഇന്ത്യക്കു നല്‍കാനുള്ള റഫാല്‍ വിമാനങ്ങളില്‍ ആദ്യ വിമാനം അടുത്ത മാസം കൈമാറുമെന്നും ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു. ഭീകരവാദം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ഇന്ത്യയും ഫ്രാന്‍സും സഹകരണം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.

Other News