ഡല്‍ഹിയില്‍ മൈക്ക് പോംപിയോ  നരേന്ദ്ര മോഡി കൂടിക്കാഴ്ച


JUNE 26, 2019, 2:26 PM IST

ന്യൂഡല്‍ഹി:  ഇന്ത്യസന്ദര്‍ശനത്തിന് തലസ്ഥാനത്തെത്തിയ യുഎസ് വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും കൂടിക്കാഴ്ച നടത്തി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്തോ പസഫിക് മേഖലയിലെ വ്യാപാര ബന്ധം മെച്ചപ്പെടുത്താനും ഭീകരത, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ സഹകരിച്ചു നീങ്ങാനും ചര്‍ച്ചകളില്‍ ധാരണയായി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും യു.എസ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി.

ഈ മാസം 28, 29 തീയതികളില്‍ ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രാജ്യത്തെത്തിയത്. ബുധനാഴ്ച രാവിലെ സൗത്ത് ബ്ലോക്കില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയ മൈക്ക് പോംപിയോ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിലെ സഹകരണം, ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള എച്1ബി വിസയില്‍ അമേരിക്കയുടെ നിയന്ത്രണം, റഷ്യയുമായുള്ള എസ് 400 മിസൈല്‍ ഇടപാടിലെ കല്ലുകടികള്‍, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി എന്നിവ ചര്‍ച്ചയായി.

ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താനിരിക്കുകയാണ്. തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ശ്കതമാക്കാന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി. അതേസമയം, ആയുധവ്യാപാരത്തിനാണ് മൈക്ക് പോംപിയോയുടെ സന്ദര്‍ശനമെന്ന് ആരോപിച്ചു ഇടതുപക്ഷ സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചു.

Other News