ഇന്ത്യയിലെ ജനപ്രിയ നേതാവായി മോഡി തുടരുന്നു; രാഹുലിന്റെ അംഗീകാരത്തില്‍ വര്‍ധന


MAY 24, 2023, 6:45 PM IST

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതി ശക്തം. എന്നാല്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. ്‌രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയില്‍ വര്‍ധനവാണുണ്ടായത്. എന്‍ ഡി ടി വി ലോകനിതി- സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ പൊതുസര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 

രാഹുല്‍ ഗാന്ധിയുടെ അംഗീകാര റേറ്റിംഗില്‍ ശ്രദ്ധേയമായ കുതിച്ചു ചാട്ടമാണുണ്ടായത്. ഭാരത് ജോഡോ യാത്രയ്ക്ക് ശേ,ം 15 ശതമാനമാണ് രാഹുലിന്റെ അംഗീകാരം വര്‍ധിച്ചത്. 

71 മണ്ഡലങ്ങളിലായി 7,202 പേരാണ് ലോക്നീതി- സി എസ് ഡി എസ് സര്‍വേയില്‍ പങ്കെടുത്തത്. മെയ് 10നും 19നും ഇടയിലാണ് 19 സംസ്ഥാനങ്ങളിലായി സര്‍വേ നടത്തിയത്. 

സര്‍വേയില്‍ പങ്കെടുത്തവരില്‍ 43 ശതമാനം പേരും ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ 38 ശതമാനം പേര്‍ ഇക്കാര്യത്തോട് യോജിക്കുന്നില്ല. 

സര്‍വേയിലെ 43 ശതമാനം പേര്‍ക്കും ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ നരേന്ദ്ര മോഡിയെയായിരിക്കും തങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയെന്നാണ്. രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനത്തിന് മോഡിക്കുള്ള എതിരാളി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് 27 ശതമാനം പേരാണ് ആവശ്യപ്പെട്ടത്. 

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും 2019ല്‍ 37 ശതമാനമായിരുന്ന ബി ജെ പിയുടെ വോട്ട് വിഹിതം 2023ല്‍ 39 ശതമാനമായി വര്‍ധിച്ചതിനാല്‍ മോഡിയുടെ ജനപ്രീതി ശക്തമായി തുടരുന്നതായാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2019ലെ 19 ശതമാനത്തില്‍ നിന്ന് 2023ല്‍ 29 ശതമാനത്തിലേക്കാണ് വര്‍ധിച്ചത്. 

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മമതാ ബാനര്‍ജിക്കും അരവിന്ദ്് കെജ്രിവാളിനും നാല് ശതമാനം വോട്ട് ലഭിച്ചപ്പോള്‍ അഖിലേഷ് യാദവിന് മൂന്ന് ശതമാനവും നിതീഷ് കുമാറിന് ഒരു ശതമാനവും മറ്റുള്ളവര്‍ക്ക് 18 ശതമാനവും എന്ന നിലയിലാണ് സര്‍വേയില്‍ വോട്ട് ലഭിച്ചത്. 

പ്രതികരിച്ചവരില്‍ 25 ശതമാനം പേരും നരേന്ദ്ര മോഡിയുടെ പ്രസംഗത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തി. പങ്കെടുത്തവരില്‍ 20 ശതമാനം പേര്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ വികസനത്തില്‍ മോഡിയുടെ ശ്രദ്ധയെ അഭിനന്ദിച്ചു, അതേസമയം 13 ശതമാനം പേര്‍ അദ്ദേഹത്തിന്റെ ഉത്സാഹത്തോടെയുള്ള പ്രവര്‍ത്തനരീതിയെയാണ് അഭിനന്ദിച്ചത്. പ്രതികരിച്ചവരില്‍ 13 ശതമാനം അദ്ദേഹത്തിന്റെ കരിഷ്മയാല്‍ ആകര്‍ഷിക്കപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏകദേശം 11 ശതമാനം പേര്‍ മോദിയുടെ നയങ്ങളോട് വിലമതിപ്പ് പ്രകടിപ്പിച്ചു.

രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് പ്രതികരിച്ചവരില്‍ 26 ശതമാനം പേര്‍ 'എല്ലായ്പ്പോഴും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു' എന്ന് പറഞ്ഞു. 15 ശതമാനം പേര്‍ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് തങ്ങള്‍ക്ക് ഇഷ്ടമായതെന്ന് പറഞ്ഞു. പങ്കെടുത്തവരില്‍ 16 ശതമാനം പേര്‍ കോണ്‍ഗ്രസ് നേതാവിനെ ഇഷ്ടപ്പെടുന്നില്ലെന്ന് സമ്മതിച്ചപ്പോള്‍ 27 ശതമാനം പേര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ വ്യക്തത പുലര്‍ത്തിയില്ല.

Other News