മൂഡീസ് റേറ്റിംഗില്‍ സ്ഥിരതയില്‍ നിന്നും നെഗറ്റീവിലേയ്ക്ക് വീണ് ഇന്ത്യ


NOVEMBER 8, 2019, 1:37 PM IST

ന്യൂഡല്‍ഹി: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ റേറ്റിംഗ് സ്ഥിരതയില്‍ നിന്നും നെഗറ്റീവായി കുറച്ചു. സാമ്പത്തികമാന്ദ്യം മറികടക്കുന്നതിന് പര്യാപ്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് റേറ്റിംഗ് കുറയ്ക്കുന്നതിന് കാരണമായി മൂഡീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യന്‍സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം മാത്രമാണ് വളര്‍ന്നതെന്നും 2013 നുശേഷമുള്ള ഏറ്റവും കുറവ് വളര്‍ച്ചാനിരക്കാണിതെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. വരും വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്നും കഴിഞ്ഞകാലങ്ങളിലെ അപേക്ഷിച്ച് ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കുമെന്നും മൂഡീസ് അവരുടെ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം മൂഡീസിന്റെ നിഗമനങ്ങളെ തള്ളി കേന്ദ്ര സാമ്പത്തിക കാര്യവകുപ്പ് രംഗത്തെത്തി. സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്നും വളര്‍ച്ചാ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നാണയപ്പെരുപ്പം നിയന്ത്രണത്തിലാണെന്നതും ബോണ്ട് മാര്‍ക്കറ്റ് ആദായം പ്രദാനം ചെയ്ത് സജീവമാണെന്നതും ഇതിന് തെളിവാണ്. കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അതേസമയം ഫോറിന്‍ ലോക്കല്‍ കറന്‍സി റേറ്റിംഗ് മൂഡിസ് ബി-എഎ2വായി നിലനിര്‍ത്തിയിട്ടുണ്ട്.

അതേസമയം മൂഡീസിന്റെ തരംതാഴ്ത്തല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ പ്രതിഫലിച്ചില്ല. റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തുവന്ന ഇന്നുതന്നെ സ്റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് ഉയരത്തിലെത്തി. ബാങ്കിംഗ് സ്‌റ്റോക്കുകളുടെ വിലയിലുണ്ടായ കുതിച്ചുകയറ്റമാണ് മാര്‍ക്കറ്റിന്റെ തിരിച്ചുവരവിന് അവസരമൊരുക്കിയത്. സെന്‍സക്‌സ് 87 പോയിന്റുയര്‍ന്ന് 40,741 പോയിന്റിലെത്തി.11,948 പോയിന്റിലേയ്ക്ക് താഴ്ന്ന നിഫ്റ്റിയും 12,032 നേടി തിരിച്ചുവരവ് നടത്തി.

Other News