ബഹിരാകാശ വേഷത്തില്‍ റോഡില്‍ മൂണ്‍ വാക്ക്; യുവാവിന്റെ വ്യത്യസ്ത പ്രതിഷേധം വൈറലായി


SEPTEMBER 3, 2019, 11:53 AM IST

ബംഗളൂരു: പൊട്ടിപ്പൊളിഞ്ഞു കാല്‍നട പോലും അസാധ്യമായ റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ബംഗളുരുവിലെ യുവാവ് ബഹിരാകാശ യാത്രക്കാരന്റെ വേഷത്തില്‍നടത്തിയ വ്യത്യസ്ത പ്രതിഷേധം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ യാത്രികന്‍ എന്നേ തോന്നൂ . കാറും ഓട്ടോയും ഓടുന്നതു കാണുമ്പോള്‍ കാര്യം ഏതാണ്ട് വ്യക്തമാകും.

ബംഗളുരു നഗരത്തിലെ റോഡിലെ കുഴികള്‍ നികത്താത്തതിനെതിരെയുള്ള പ്രതിഷേധം ആണിത്. കലാകാരനായ ബാദല്‍ നഞ്ചുണ്ടസ്വാമിയായിരുന്നു പ്രതിഷേധത്തിനു പിന്നില്‍.

ബംഗളുരുവിലെ പൊട്ടിപ്പൊളിഞ്ഞ തുംഗനഗര്‍ മെയിന്‍ റോഡ് ശരിയാക്കാത്തിനെതിരെയാണ് പ്രതിഷേധം. റോഡ് പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞിട്ടും അധികാരികള്‍ നടപടി സ്വീകരിച്ചിട്ടില്ല. പലവട്ടം പലരും പരാതിയുമായി അധികാരികളെ കണ്ടു .എന്നിട്ടും ഒന്നും നടക്കാതായതോടെയാണ് വേറിട്ടൊരു പ്രതിഷേധവുമായി നഞ്ചുണ്ട രംഗത്തെത്തിയത്.

പൊട്ടിപൊളിഞ്ഞ റോഡിനെ ചന്ദ്രോപരിതലം പോലെ തോന്നിപ്പിക്കും വിധം ക്യമറയില്‍ പകര്‍ത്തി. ബഹിരാകാശത്ത് നടക്കുന്ന രീതിയില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടക്കുകയും ചെയ്തു.

ബംഗളൂരുവിലെ റോഡുകളുടെ ദുരവസ്ഥയും നാഗരിക ഭരണകൂടത്തിന്റെയും രാഷ്ട്രീയ വര്‍ഗ്ഗത്തിന്റെയും അനാസ്ഥയും ഉയര്‍ത്തിക്കാട്ടാന്‍ ബാദല്‍ പണ്ടും തന്റെ കല ഉപയോഗിച്ചിരുന്നു. ബംഗളൂരുവിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ മുതലകളെയും ജലകന്യകയെയുമൊക്കെ അവതരിപ്പിച്ച് കൊണ്ടായിരുന്നു ഇത്.


Other News