മോദിയുടെ പരിഷ്കാരങ്ങളുടെ ഫലം ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വൈകാതെ പ്രതിഫലിക്കുമെന്ന് മുകേഷ് അംബാനി 


NOVEMBER 21, 2020, 9:20 PM IST

ഗാന്ധിനഗർ:  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ധീരമായ പരിഷ്കാരങ്ങൾ ഇന്ത്യയെ പ്രചോദിപ്പിക്കും എന്നും ദ്രുതഗതിയിലുള്ള സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്നും മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്‌സിറ്റി (പി.ഡി.പി.യു.) സംഘടിപ്പിച്ച ബിരുദ ദാന ചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു മുകേഷ് അംബാനി. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രിയുടെ പരിഷ്‌കാരങ്ങൾ രാജ്യത്തെ വളർച്ചയിലേക്ക് നയിക്കും. വരും വർഷങ്ങളിൽ ഇതിന്റെ പ്രതിഫലനം ഇന്ത്യൻ സാമ്പത്തിക രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ നോട്ട് നിരോധനം അടക്കം ഉള്ള സാമ്പത്തിക പരിഷകരങ്ങൾ ആണ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ തകർക്കാൻ കാരണമായത് എന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപോൾ മുതലുള്ള ആഗ്രഹമാണ് പി.ഡി.പി.യു. എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം ആണ്. ഈ സർവകലാശാലയ്ക്ക്  പതിന്നാലു വർഷത്തെ പഴക്കം മാത്രമെയുള്ളൂ.  എന്നാൽ,  അടൽ റാങ്കിംഗ് പട്ടികയിലെ ആദ്യ 25 സ്ഥാപനങ്ങളിൽ ഒന്നാണ് പി.ഡി.പി.യു., അംബാനി എടുത്ത് കാട്ടി.

ഊർജ മേഖലയിൽ അഭൂതപൂർവമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ മനുഷ്യരാശിയുടെ ഭാവിയെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് ദോഷം വരുത്താതെ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നിലനിർത്താൻ ആവശ്യമായ ഊർജം  ഉൽ‌പാദിപ്പിക്കാൻ കഴിയുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നാലാം വ്യവസായ വിപ്ലവവും ഊർജവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഊർജ മേഖലയിൽ പ്രാവീണ്യം നേടിയാൽ,  ഇന്ത്യയെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി മാറ്റാൻ കഴിയുമെന്നും റിലയൻസ് ചെയർമാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റിഫൈനറിയുടെ ഉടമയാണ് അംബാനി. അദ്ദേഹത്തിന്റെ വിദ്യാഭാസ രംഗത്തേക്കുള്ള ചുവട് ആയിരുന്നു ജിയോ യൂണിവേഴ്സിറ്റി. ഇതിന് മാനദണ്ഡങ്ങൾ മറികടന്ന് മോഡി സഹായം അനുവദിച്ചു എന്നും മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു.

Other News