പ്രവാസികള്‍ക്ക് ചിലവേറിയ  ഇന്ത്യന്‍ നഗരം മുംബൈ


JULY 7, 2019, 12:52 PM IST

ലോകത്ത് പാര്‍പ്പിടങ്ങളുടെ വില ഏറ്റവുമുയര്‍ന്ന നില്‍ക്കുന്ന നഗരങ്ങളിലൊന്നായ മുംബൈ ഇന്ത്യയില്‍ പ്രവാസികള്‍ക്ക് ജീവിത ചിലവ് ഏറ്റവും കൂടുതലുള്ള നഗരവും ഏഷ്യയിലെ ചിലവേറിയ 20 നഗരങ്ങളില്‍ ഒന്നുമാണെന്ന് പഠനം കാട്ടുന്നു. 

ആഗോള കണ്‍സള്‍ട്ടിങ് സ്ഥാപനമായ മെര്‍സെര്‍ ജീവിത ചിലവുകളെക്കുറിച്ച് നടത്തിയ ഇരുപത്തിയഞ്ചാമത് സര്‍വേയില്‍ ലോകത്തിലെ 209 നഗരങ്ങളുടെ കൂട്ടത്തില്‍ മുംബൈ 12 സ്ഥാനങ്ങള്‍ പിന്നോക്കം പോകുകയും 67ആം സ്ഥാനത്ത് എത്തുകയും ചെയ്തു.

ഭക്ഷണം കഴിക്കുന്നതിന്റെയും മറ്റു സൗകര്യങ്ങളുടെയും കാര്യത്തില്‍ മുംബൈയില്‍ ജീവിത ചെലവ് കുറഞ്ഞിട്ടുണ്ടെങ്കിലും പാര്‍പ്പിടങ്ങളുടെ കാര്യത്തില്‍ ഏഷ്യയിലും ലോകത്തിലും ഏറ്റവും ചിലവേറിയ നഗരങ്ങളുടെ കൂട്ടത്തിലാണ് മുംബൈയുടെ സ്ഥാനമെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂഡല്‍ഹി (118), ചെന്നൈ (154), ബെംഗളൂരു (179 ), കൊല്‍ക്കത്ത (189) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ നഗരങ്ങളുടെ സ്ഥിതി. ഈ നാല് നഗരങ്ങളുടെയും സ്ഥാനം  മുന്‍ വര്‍ഷത്തേക്കാള്‍ താഴേക്ക് പോയിട്ടുണ്ട്. സര്‍വേക്ക് വിധേയമാക്കിയ ഇന്ത്യന്‍ നഗരങ്ങളില്‍ താരതമ്യേന വിലക്കയറ്റം കുറവാണെന്നതും പ്രധാന കറന്‍സികളെല്ലാം യുഎസ് ഡോളറിനെതിരെ ദുര്‍ബ്ബലമായതും ഇന്ത്യന്‍ നഗരങ്ങളുടെ സ്ഥാനം താഴേക്കു പോകാന്‍ ഇടയാക്കിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും ചിലവേറിയ 10 നഗരങ്ങളില്‍ 8ഉം ഏഷ്യന്‍ നഗരങ്ങളാണ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ഹോങ് കോങ് തന്നെയാണ്. ടോക്കിയോ, സിങ്കപ്പൂര്‍, സോൾ എന്നിവയാണ് പിന്നില്‍. സൂറിക്ക് (5),  ഷാങ്ങ്ഹായ് (6), അഷ്‌ഗബാദ് (7), ബെയ്ജിങ് (8), ന്യൂയോര്‍ക് സിറ്റി (9) ഷെന്‍ഷെന്‍ (10 ) എന്നിവയാണ്  ചിലവേറിയ ആദ്യ 10ല്‍ ഉള്‍പ്പെട്ട മറ്റു ലോക നഗരങ്ങള്‍. പ്രവാസികള്‍ക്ക്  ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരം ടുണിസ് (209) ആണ്. താഷ്‌കെന്റ് (208 ) കറാച്ചി (207) എന്നിവ അതിനു പിന്നിലായുണ്ട്. യുഎസ്എ യിലെ ഹൈ ടെക് മേഖലയിലേക്കും യുഎഇ, യുകെ, കെനിയ, ബംഗ്ലാദേശ് എന്നിവടങ്ങളിലേക്കും ഇന്ത്യയില്‍ നിന്നും വിദഗ്ധരെ എത്തിക്കുന്നതില്‍ ഇന്ത്യയിലെ ബഹുരാഷ്ട കമ്പനികള്‍ വലിയ പങ്കാണ് വഹിക്കുന്നത്.

കറന്‍സി മൂല്യങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുണ്ടാകുന്ന വിലക്കയറ്റം, താമസ സൗകര്യങ്ങള്‍ക്കുണ്ടാകുന്ന ചിലവുകള്‍ എന്നിവയെല്ലാം വിദേശങ്ങളില്‍ പണിയെടുക്കുന്ന പ്രവാസികളായ തൊഴിലാളികളുടെ ജീവിത ചിലവുകള്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. 2019  മാര്‍ച്ചില്‍ നടത്തിയ സര്‍വേയുടെ വിവരങ്ങളാണ് മെര്‍സെര്‍ പുറത്തുവിട്ടിട്ടുള്ളത്.

Other News