മലക്കം മറിഞ്ഞ് ബി ജെ പി; ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന് മുരളീധരന്‍


MARCH 5, 2021, 5:32 AM IST

ന്യൂദല്‍ഹി: മെട്രോ മാന്‍ ഇ ശ്രീധരനാണ് കേരളത്തിലെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അത് നിഷേധിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇ ശ്രീധരനെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

നേരത്തെ ഇ ശ്രീധരനായിരിക്കും കേരളത്തിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് വി മുരളീധരന്‍ തന്നെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അതിനു പിന്നാലെയാണ് എ എന്‍ ഐ വി മുരളീധരന്റെ മാറ്റിയ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. 

മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വിവരം താനറിഞ്ഞതെന്നും ഈ വിവരം പാര്‍ട്ടി അധ്യക്ഷനുമായി സംസാരിച്ചപ്പോള്‍ അത്തരം പ്രഖ്യാപനമുണ്ടായിട്ടെന്ന വിവരമാണ് കിട്ടിയതെന്നും പറഞ്ഞാണ് വി മുരളീധരന്‍ തന്റെ പ്രസ്താവന തിരുത്തിയത്. അതിനിടെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായാണ് ഇ ശ്രീധരന്‍ മത്സരിക്കുന്നതെന്ന പ്രസ്താവനയാണ് ബി ജെ പി കേരള ഘടകം പ്രസിഡന്റ് കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കെ സുരേന്ദ്രന്‍ നയിക്കുന്ന തെരഞ്ഞെടുപ്പ് യാത്രയായ വിജയ യാത്രയിലായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. തന്നെ മുഖ്യമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ബി ജെ പിയെ അധികാരത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് രാഷ്ട്രീയ പ്രവേശനമെന്നുമായിരുന്നു ഇ ശ്രീധരന്‍ ബി ജെ പി അംഗത്വമെടുക്കുമ്പോള്‍ നേതാക്കളെ അറിയിച്ചിരുന്നത്.

Other News