ജയ്  ശ്രീറാം വിളിക്കാത്തതിന് യുപിയില്‍ 15 കാരനെ  ചുട്ടുകൊന്നു


JULY 29, 2019, 12:19 PM IST

ലഖ്‌നോ: 'ജയ് ശ്രീറാം' വിളിക്കാത്തതിന് യു.പിയിലെ ചന്ദൗലിയില്‍ 15 കാരനായ മുസ്‌ലിം ബാലനെ ചുട്ടുകൊന്നതായി റിപ്പോര്‍ട്ട്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ കുട്ടി ആശുപത്രിയിലാണ് മരിച്ചതെന്ന് ആജ് തക് ടി.വി റിപ്പോര്‍ട്ട് ചെയ്തു. 'ജയ് ശ്രീറാം' വിളിക്കാത്തതിന് നാലു പേര്‍ ചേര്‍ന്ന് പൊള്ളലേല്‍പ്പിക്കുകയായിരുന്നെന്ന് കുട്ടി പറയുന്ന ദൃശ്യം ആശുപത്രി കാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കാശിയിലെ കബീര്‍ ചൗര ആശുപത്രിയിലായിരുന്നു കുട്ടിയെ പ്രവേശിപ്പിച്ചത്. നാല് പേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ട് പേര്‍ ചേര്‍ന്ന് കൈകള്‍ കെട്ടുകയും മറ്റൊരാള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു -ആശുപത്രിയില്‍ വെച്ച് കുട്ടി പറഞ്ഞതായി ആജ് തക് ടി.വി റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം, കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. മഹാരാജ്പൂര്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം നടന്നത് എന്ന് പറഞ്ഞ കുട്ടി പിന്നീട് ഹട്ടീജ ഗ്രാമത്തില്‍വെച്ചാണെന്ന് മൊഴി മാറ്റി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Other News