ഓം എന്നും പശുവെന്നും കേൾക്കുമ്പോൾ ചിലർ നിലവിളിക്കുന്നു:നരേന്ദ്ര മോഡി 


SEPTEMBER 12, 2019, 1:44 AM IST

മഥുര:വിമർശകർ‌ക്ക് ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. പശുവെന്നും ഓം എന്നും കേൾക്കുമ്പോൾ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കാണ് പോകുന്നതെന്ന് ചിലർ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിന്നോട്ട് നടക്കലാകുന്നതെന്ന് മോഡി ചോദിച്ചു. ഇത്തരക്കാർ രാജ്യത്തിന്‍റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നു മോഡി ആരോപിച്ചു.

'ഓം' അല്ലെങ്കിൽ 'പശു' തുടങ്ങിയ വാക്കുകൾ കേൾക്കുമ്പോഴേക്കും കറന്റടിച്ച പോലെ ദേഹത്തെ രോമമെല്ലാം എഴുന്നു നിൽക്കുന്ന ചില കൂട്ടരുണ്ട് ഇന്നാട്ടിൽ. ആ വാക്കുകൾ കേൾക്കുമ്പോഴേക്കും അവർക്ക് തോന്നും നമ്മുടെ നാട് തിരിച്ച് പതിനാറാം നൂറ്റാണ്ടിലേക്കോ, പതിനേഴാം നൂറ്റാണ്ടിലേക്കോ ഒക്കെ പൊയ്ക്കളഞ്ഞു എന്ന്. അവർ  നാശത്തിന്‍റെ നാരായവേരുകളാണ്-അദ്ദേഹം പറഞ്ഞു. 

ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് മഥുരയിൽ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, മോഡിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്തെത്തി. പശുവിന്‍റെ പേരിലുള്ള ആക്രമണങ്ങളെ കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് ഒവൈസി ചോദിച്ചു.

പശുവിഷയത്തിൽ  ദേശീയ പശു കമ്മീഷൻ ചെയർമാൻ വല്ലഭ് കതിരിയയുടെ പ്രസ്താവനയും  പ്രധാനമന്ത്രി പറഞ്ഞതുമായി  ചേർത്തുവായിക്കാവുന്നതാണ്. ഇപ്പോൾ ഗോവധം നിയമവിധേയമായ സംസ്ഥാനങ്ങളിലും അധികം താമസിയാതെ തന്നെ  പശുക്കളെ കശാപ്പുചെയ്യുന്നതിന് വിലക്ക് കൊണ്ടുവരും എന്നായിരുന്നു കതരിയ പറഞ്ഞത്.  

Other News