ജറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജ്യം വിടുന്നത് തടഞ്ഞു


MAY 26, 2019, 5:04 AM IST

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിറുത്തി വച്ച ജറ്റ് എയര്‍വേസിന്റെ സ്ഥാപകന്‍ നരേഷ് ഗോയല്‍ രാജ്യം വിടുന്നത് തടഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ നരേഷ് ഗോല്‍, ഭാര്യ അനിത ഗോയല്‍ എന്നിവരെ മുംബൈ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തടയുകയായിരുന്നു. ദുബായ് വഴി ലണ്ടനിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ യാത്ര പുറപ്പെടുന്നതിന് ഏതാനും മിനിറ്റ് മുമ്പാണ് ഇരുവരെയും  തടഞ്ഞത്.

ഗോയലിന്റെ വിദേശ യാത്ര തടഞ്ഞു കൊണ്ടുള്ള ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാനം പാര്‍ക്കിംഗ് ബേ യിലേക്ക് മടക്കി കൊണ്ടുവന്ന് ഗോയലിനെയും ഭാര്യയെയും പുറത്ത് കൊണ്ടുവരികയായിരുന്നു. 

മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ ഗോയലിന്റെയും വിമാന കമ്പനിയുടെ ഇതര ഡയറക്ടര്‍മാരുടെയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടണമെന്ന് ജറ്റ് എയര്‍വേസ് ഓഫീസേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് കിരണ്‍ പവാസ്‌കര്‍ മുംബൈ പോലീസ് കമ്മീഷണറോട് ഏപ്രിലില്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. വിമാന കമ്പനിയുടെ ബോര്‍ഡില്‍ നിന്ന് ഗോയലും, ഭാര്യയും മാര്‍ച്ചില്‍ രാജിവച്ചിരുന്നു. കമ്പനി പുന:സംഘടനയുടെ ഭാഗമായിട്ടായിരുന്നു ഇത്. 26 വര്‍ഷം മുമ്പ് ഗോയല്‍ തുടക്കമിട്ട കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനവും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. 


Other News