ഭീകരാക്രമണ ഭീഷണി:വേളാങ്കണ്ണിയിൽ കർശന സുരക്ഷ;കോയമ്പത്തൂരില്‍ എന്‍ ഐ എയുടെ വ്യാപക തെരച്ചില്‍


AUGUST 29, 2019, 10:39 PM IST

ചെന്നൈ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിൽ  നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ ഐ എ) തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ ഐ എയുടെ വ്യാപക തെരച്ചില്‍ തുടരുകയാണ്.തമിഴ്‌നാട്ടിൽ എത്തിയെന്ന് വിവരം ലഭിച്ച ഐ എസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്‌ഡ്‌.

മേഖലയിലെ വീടുകളും, ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ചാണ് തെരച്ചിൽ.പരിശോധന നടക്കുന്ന മേഖലകളില്‍ തമിഴ്‌നാട് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബർ എട്ടുവരെ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സി നൽകിയ മുന്നറിയിപ്പ്.ആരാധനാലയങ്ങളിൽ ഉള്‍പ്പടെ ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. 

ഇതോടെ വേളാങ്കണ്ണി പള്ളി ഉൾപ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.സെപ്റ്റംബർ എട്ടിനാണ് വേളാങ്കണ്ണി പള്ളിയിലെ തിരുനാൾ.നിരവധി തീർത്ഥാടകർ എത്തുന്നവേളയാണിത്.

അര്‍ധസൈനിക വിഭാഗമുൾപ്പെടെ ഏഴായിരം പോലീസുകാരെയാണ് തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. തമിഴ്‌നാടിന് പുറമേ കര്‍ണ്ണാടക, ആന്ധ്ര, പുതുച്ചേരി, ഡല്‍ഹി തുടങ്ങിയ  സംസ്ഥാനങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും ജാഗ്രത പുലർത്തുന്നുണ്ട്.

Other News