പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷണം വേണമെന്ന് നിതീഷ് കുമാര്‍


AUGUST 2, 2021, 8:05 PM IST

പറ്റ്‌ന: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആദ്യമായാണ് എന്‍ ഡി എയുടെ സഖ്യകക്ഷി പെഗാസസില്‍ അന്വേഷണം ആവശ്യപ്പെടുന്നത്.

പെഗാസസില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും അത് തീര്‍ച്ചയായും പരിഗണിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെട്ടത്. ടെലിഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് കുറെ ദിവസമായി കേള്‍ക്കുന്നുവെന്നും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും പ്രതിപക്ഷം കുറെ ദിവസമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവര്‍ത്തിക്കുന്നുവെന്നും അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പ്രതിപക്ഷം ഉണ്ടാക്കിയ വിവാദമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് നിതീഷ് കുമാറിന്റെ പ്രതികരിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യാത്തതിന്റെ പേരില്‍ ഉണ്ടായ പ്രതിപക്ഷ ബഹളത്തില്‍ സഭാ നടപടികള്‍ തടസ്സപ്പെട്ടിരുന്നു.

രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ രാജ്യത്ത് 300ലേറെ പേരുടെ ഫോണ്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയതായി അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തിയത്.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പേസ് വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി പി എസ്. ലൊക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

Other News