ദേശ സുരക്ഷയില്‍ വിട്ടു വീഴ്ചയില്ല; ചില രാജ്യങ്ങള്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ നിഴല്‍യുദ്ധം നടത്തുന്നു: പ്രധാനമന്ത്രി


JULY 28, 2019, 4:47 PM IST

ന്യൂഡല്‍ഹി: ദേശസുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ സായുധ സേനകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ടാണ്, രാജ്യസുരക്ഷയുടെ കാര്യം വരുമ്പോള്‍ ഒരു സമ്മര്‍ദ്ധത്തിനോ സ്വാധീനത്തിനോ വഴങ്ങില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനെതിരെയും മോഡി ശക്തമായ വിമര്‍ശനമുയര്‍ത്തി.രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള വിപത്തുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്ത്യയുടെ സായുധ സേനകള്‍ ഇസ്ലാമാബാദിന്റെ ദുഷ്ട പദ്ധതികള്‍ പരാജയപ്പെടുത്തിയത് മറക്കരുതെന്നാണ് 1999ലെ കാര്‍ഗില്‍ യുദ്ധം പരാമര്‍ശിച്ച് മോഡി വ്യക്തമാക്കിയത്.ചില രാജ്യങ്ങള്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനായി നിഴല്‍യുദ്ധം നടത്തി വരികയാണ്. ഇത് കൈകാര്യം ചെയ്യുന്നതിനായി ആഗോള തലത്തില്‍ ഏകീകരിക്കപ്പെട്ട ശ്രമങ്ങള്‍ നടക്കേണ്ട സമയമാണിതെന്നും പാകിസ്താനെ മുന്‍നിര്‍ത്തി പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി പുനര്‍നിര്‍ണയിക്കണമെന്ന പാകിസ്താന്റെ ആവശ്യം ഒരിക്കലും അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Other News