പ്രവാസികളും വിദേശികളും രൂപയുമായി രാജ്യം വിടരുതെന്ന് ആര്‍.ബി.ഐ


AUGUST 28, 2019, 10:38 AM IST

മുംബയ് :  ഇനി മുതല്‍ എല്ലാ പ്രവാസി ഇന്ത്യക്കാരും,  (എന്‍ആര്‍ഐ) രാജ്യം വിടുന്ന വിദേശികളും വിമാനത്തില്‍ കയറുന്നതിന് മുമ്പ് അവരുടെ കൈവശമുള്ള ഇന്ത്യന്‍ രൂപ നിര്‍ബന്ധമായും വിദേശ കറന്‍സിയിലേക്ക് മാറ്റേണ്ടിവരും.

റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിര്‍ദേശത്തിലാണ് ഈ നിബന്ധനയുള്ളത്. സാധാരണഗതിയില്‍ എന്‍ആര്‍ഐകള്‍ രാജ്യം വിടുമ്പോള്‍ കുറച്ച് ഇന്ത്യന്‍ കറന്‍സി അവര്‍ക്കൊപ്പം കൊണ്ടുപോകുന്നത് ഒരു പതിവാണ്, പ്രധാനമായും അടുത്ത തവണ മടങ്ങുമ്പോള്‍ അത്യാവശ്യ ചെലവുകള്‍ക്കുള്ള രൂപയ്ക്കായി വിദേശ എക്‌സ്‌ചേഞ്ചുകളുടെ സഹായം തേടേണ്ടതില്ല എന്നതിനാലാണിത്. എന്നല്‍ റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശത്തോടെ കരുതല്‍ പണമായി ഇനി ഒരു രൂപ പോലും വിദേശത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. 

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റിന്റെ (ഫെമ) ഭാഗമായ ഈ നിയമം കുറച്ചുകാലമായി നിലവിലുണ്ടെങ്കിലും, ഇപ്പോള്‍ മാത്രമാണ് സെന്‍ട്രല്‍ ബാങ്ക് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിദേശ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൈവശമുള്ള രൂപ വിദേശ കറന്‍സിയാക്കുന്നതിന് തിങ്കളാഴ്ച മുതല്‍ വിമാനത്താവളങ്ങളുടെ ഇമ്മിഗ്രേഷന്‍ കൗണ്ടറുകള്‍ക്കു സമീപം ഫോറിന്‍ എക്‌സ്‌ചേഞ്ചുകളുടെ കിയോസ്‌കുകള്‍ തുറക്കുന്നതിന് ആര്‍ബിഐ അനുവാദം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ രൂപ വിദേശ കറന്‍സിയാക്കി മാറ്റാതെ ഒരാളും വിമാനത്തില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദ്ദേശം.

കസ്റ്റംസ് ക്ലിയറന്‍സില്‍ യാത്രക്കാരുടെകൈവശം ഇന്ത്യന്‍ രൂപ ഉണ്ടെന്നു കണ്ടാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക്  കര്‍ശന നടപടിയെടുക്കാമെന്നും റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നു.അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തുന്നതിനുമുമ്പു വരെ വിദേശ ഇന്ത്യക്കാര്‍ക്ക് പതിനായിരം രൂപ വരെ കൈയ്യില്‍ സൂക്ഷിക്കുന്നതിന് ആര്‍ബിഐ അനുവാദം നല്‍കിയിരുന്നു.

ഈ തുക വിമാനത്തില്‍ കയറുന്നതിനുമുമ്പ് ഇമി്‌ഗ്രേഷന്‍, കസ്റ്റംസ് ചെലവുകള്‍ക്കോ, ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിനോ മറ്റു സുരക്ഷാ ചെലവുകള്‍ക്കോ മാത്രം വിനിയോഗിക്കുന്നതിനുമാത്രമുള്ളതാണ്. ഈ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ബാക്കി വരുന്ന തുക വിദേശ കറന്‍സിയാക്കി സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം.എന്‍ആര്‍ഐകള്‍ക്കും വിദേശികള്‍ക്കും പണം മാറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്, ഇമിഗ്രേഷന്‍, കസ്റ്റംസ് ഡെസ്‌കുകള്‍ക്കപ്പുറം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പുറപ്പെടല്‍ ഹാളുകളില്‍ വിദേശനാണ്യ വിനിമയ കൗണ്ടറുകള്‍ ആര്‍ബിഐ അനുവദിച്ചിട്ടുണ്ട്. അത്തരം വിദേശനാണ്യ വിനിമയ കൗണ്ടറുകള്‍ പ്രവാസികളില്‍ നിന്ന് ഇന്ത്യന്‍ രൂപ മാത്രമേ വാങ്ങുകയുള്ളൂ,

സാധാരണ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി അവര്‍ക്ക് വിദേശ കറന്‍സി വില്‍ക്കുകയും ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ പറഞ്ഞു.

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ യാത്രക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവാസികള്‍ക്ക് ഇന്ത്യന്‍ രൂപ കൈവശം വ്യക്കാനുള്ള അവസാന പോയിന്റാണ് ഈ പ്രദേശമെന്നും ആര്‍ബിഐ അറിയിച്ചു.

Other News