അയോധ്യ ഭൂമി പൂജയില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട നൃത്യഗോപാല്‍ ദാസിന് കോവിഡ്


AUGUST 13, 2020, 9:27 PM IST

ന്യൂഡല്‍ഹി: അയോധ്യ ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട രാമ ജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് അഞ്ചിനു നടന്ന രാമക്ഷേത്ര ശിലാന്യാസ വേളയില്‍ മോദിക്കൊപ്പം വേദി പങ്കിട്ട അഞ്ചുപേരില്‍ ഒരാളാണ് നൃത്യഗോപാല്‍ ദാസ്. നിലവില്‍ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കായി മഥുരയിലാണ് നൃത്യഗോപാല്‍ ദാസ്. 

അതേസമയം, കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നൃത്യഗോപാല്‍ ദാസിന് കൃത്യമായ പരിചരണം ലഭ്യമാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് ജില്ല ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ വിദഗ്ധരുമായും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ഉള്‍പ്പെടെ പരിഗണിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരാണ് മോദിക്കും ദാസിനുമൊപ്പം ചടങ്ങില്‍ പങ്കെടുത്ത മറ്റുള്ളവര്‍. നേരത്തെ ശിലാന്യാസത്തിനുമുമ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കും ഒരു പുരോഹിതനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Other News