ഭുവനേശ്വര്‍: ഒഡീഷയിലെ മുതിര്‍ന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് അഭയ് പഥക്കിനെയും അദ്ദേഹത്തിന്റെ മകന് ആകാശിനെയും വിജിലന്‍സ് അറസ്റ്റുചെയ്തു.
ഒഡീഷ വിജിലന്‍സ് വകുപ്പ് രനടത്തിയ റെയ്ഡുകള്‍ക്കൊടുവിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനും മകനും അറസ്റ്റിലായത്. പഥക് അനധികൃതമായ സ്വത്തുസമ്പാദിച്ചു എന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അറസ്റ്റ്.
വെളിപ്പെടുത്തിയ വരുമാന സ്രോതസുകളുമായി ആനുപാതികമല്ലാത്ത ഉദ്യോഗസ്ഥന്റെ ജീവിതശൈലിയാണ് റെയ്ഡുകളിലൂടെ കണ്ടെത്തിയത്.അറസ്റ്റ് ചെയ്ത ശേഷം പഥക്കിനെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
1987 ജൂണ്‍ മുതല്‍ ഒഡീഷയിലെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററായി (പദ്ധതി, പ്രോഗ്രാം, വനവല്‍ക്കരണം) ജോലി ചെയ്യുന്ന 1987 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് പഥക്. അദ്ദേഹവുമായി ബന്ധപ്പെട്ട 13 സ്ഥലങ്ങളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഭുവനേശ്വറിലെ ഔദ്യോഗിക വസതി ഉള്‍പ്പെടെ ഓഫീസ്, അപ്പാര്‍ട്ട്മെന്റ്, മരുമകന്റെ അപ്പാര്‍ട്ട്മെന്റ്, ഡ്രൈവറുടെ വീട്, ബീഹാറിലെ ജന്മനാട്ടിലെ വീട്, ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍, പൂനെയിലെ ഫാം ഹൗസ്, പുണെയിലെ സമത കോളനിയിലെ മകന്റെ മാനേജരുടെ വസതി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്.
അദ്ദേഹത്തിന്റെ മകന് മെര്‍സിഡീസ്, ബിഎംഡബ്ല്യു, ടാറ്റ ഹാരിയര്‍ തുടങ്ങിയ വിലയേറിയ വാഹനങ്ങളും യമഹ എഫ്ജെഎസ് മോട്ടോര്‍സൈക്കിളുകള്‍ പോലുള്ള ഉയര്‍ന്ന ബൈക്കുകളും ഉണ്ടായിരുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, സൈബര്‍ സെല്‍ എന്നിവരുള്‍പ്പെടെ 150 ഓളം വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സംഘം പഥക്കിന്റെയും കുടുംബത്തിന്റെയും നിരവധി അനധികൃത സമ്പാദ്യങ്ങളുടെ രേഖകള്‍ പിടിച്ചെടുത്തു.
അതേ സമയം പഥക് കുടുംബം വിജിലന്‍സ് ആരോപണങ്ങള്‍ നിഷേധിച്ചു.
''എന്റെ മകന് പ്രതിമാസം ഒരു കോടി രൂപ ശമ്പളം ലഭിക്കും. എനിക്ക് സമ്പാദ്യമൊന്നുമില്ല, എല്ലാം നിയമപരമാണ്, ''പഥക് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ തിരച്ചിലില്‍, പഥക്കും കുടുംബവും കോവിഡ് കാലങ്ങളില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞത് 20 യാത്രകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. ഇതിനുമാതരം കുറഞ്ഞത് 3 കോടിയാണ് ചെലവഴിച്ചത്.
പഥക് തന്റെ മകന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഏകദേശം 9.4 കോടി രൂപയുടെ പണം നിക്ഷേപിച്ചതായി കണ്ടെത്തി, അതില്‍ 8.4 കോടി രൂപ ഭുവനേശ്വറില്‍ എടിഎമ്മുകള്‍ വഴിയാണ് നിക്ഷേപിച്ചത്. വീട്ടില്‍ നടത്തിയ തിരച്ചിലിലും തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലും 800 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങളോടൊപ്പം 60 ലക്ഷം രൂപ പണമായും കണ്ടെത്തി. പഥക് 8,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഒരു അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയതായും കണ്ടെത്തി.
മുംബൈയിലെ ഹോട്ടല്‍ താജ്മഹല്‍ പാലസില്‍ 90 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ഹോട്ടല്‍ ബില്ലുകളും രാജസ്ഥാനിലെ ഉദയ്പൂരിലെ താജ് ലേക്ക് പാലസില്‍ 20 ലക്ഷം രൂപയുടെ ബുക്കിംഗ് തുകയും കണ്ടെത്തി. പഥക്കിന്റെ മകനും ഗഞ്ജം ജില്ലയിലെ മുതിര്‍ന്ന ബിജെഡി നേതാവിന്റെ മകളും തമ്മിലുള്ള വിവാഹത്തിനായാണ് ഹോട്ടല്‍ ബുക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
അറിയപ്പെടുന്ന എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള മൊത്തം വരുമാനത്തിന്റെ 435 ശതമാനമാണിത്. 9.35 കോടി രൂപയാണ് പഥക് കൈവശം വച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇതനുസരിച്ച്, അഴിമതി നിരോധന (ഭേദഗതി) നിയമത്തിലെ 2018 ലെ നിരവധി വകുപ്പുകള്‍ പ്രകാരം ഉദ്യോഗസ്ഥനും മകനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരെയും ഡിസംബര്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സ്വകാര്യ ബാങ്കുകളില്‍ ഡെപ്പോസിറ്റ് സ്ലിപ്പുകള്‍, എടിഎം കൗണ്ടറുകള്‍ എന്നിവയിലൂടെ വന്‍തോതില്‍ പണം നിക്ഷേപിക്കുകയും അക്കൗണ്ടുകളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുകയും ചെയ്തതിനാല്‍ ബന്ധപ്പെട്ട ബാങ്കുകളുടെ പ്രവര്‍ത്തന വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് വിജിലന്‍സ് വകുപ്പ് അധികൃതര്‍ അറിയിച്ചു. അതുപോലെ, ചാര്‍ട്ടേഡ് ഫ്ലൈറ്റുകളെക്കുറിച്ചുള്ള ബുക്കിംഗുകളും പേയ്മെന്റുകളും ഭുവനേശ്വര്‍ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി നടത്തിയതിനാല്‍, അവരുടെ പങ്കും അന്വേഷിക്കുന്നു. ആദായനികുതി റിട്ടേണുകളുടെ വിശദാംശങ്ങളും കണ്ടെത്തും. ഷെയറുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, മറ്റ് മാര്‍ക്കറ്റ് സംവിധാനങ്ങള്‍ എന്നിവയിലെ നിക്ഷേപങ്ങളും പരിശോധിക്കുന്നു. ബിനാമി ഇടപാടുകളുടെയും സ്വത്തുക്കളുടെയും വശങ്ങളും പരിശോധിക്കുന്നു.
അന്വേഷണത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുന്നതിനായി 20 അംഗ എസ്ഐടി രൂപീകരിച്ചു.
ടാറ്റ മോട്ടോഴ്സില്‍ മാനേജിംഗ് ഡയറക്ടറാണെന്ന് വ്യാജമായി പറഞ്ഞ് പഥക്കിന്റെ മകന് ആകാശ് ടാറ്റാ മോട്ടോഴ്സില്‍ ജോലി വാഗ്ദാനം നല്കി ആളുകളെ വഞ്ചിച്ചുവെന്നും ആരോപണമുണ്ട്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, കമ്പനിയുടെ എംഡിയായി ആള്‍മാറാട്ടം നടത്തിയെന്ന് ആരോപിച്ച് ആകാശിനെതിരെ മെയ് മാസത്തില്‍ കമ്പനി സിഐഡിക്ക് പരാതി നല്‍കിയിരുന്നു.