ന്യൂഡല്‍ഹി:  സുമിത്രാ മഹാജന്റെ പിന്‍ഗാമിയായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപി ഓംബിര്‍ള ലോക് സഭാ സ്പീക്കറാകും.


JUNE 19, 2019, 10:22 AM IST

കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്ത്  ബിജെപി തട്ടകമാക്കി മാറിയ കോട്ടയില്‍ നിന്നു തന്നെയാണ് ഓം ബിര്‍ള രണ്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  അശോക് ഗെഹ്ലോട്ട് മന്ത്രിസഭയില്‍ അംഗമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ ശാന്തിലാല്‍ ധാരിവാളിനെ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് കോട്ടയില്‍ ഓം ബിര്‍ള പരാജയപ്പെടുത്തിയത്. എക്കാലത്തും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന കോട്ട ഓം ബിര്‍ള വന്നതോടെയാണ് ബിജെപിക്കു സ്വന്തമായത്.  ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്‌സഭയിലെത്തിയത്.

മൂന്നുതവണ രാജസ്ഥാന്‍ നിയമ സഭയില്‍ അംഗമായിരുന്നു ബിര്‍ള. മികച്ച സംഘാടകനായ ഓം ബിര്‍ള ബിജെപിയുടെ യുവജന വിഭാഗത്തിന്റെ കരുത്തനായ നേതാവായിരുന്നു. മാത്രമല്ല, സംഘടനാ തലത്തില്‍ ഒട്ടേറെ പദവികളും വഹിച്ചിട്ടുണ്ട്. പാര്‍ലമെന്ററി രംഗത്തെ 25 വര്‍ഷത്തെ അനുഭവ പരിചയമാണ് സ്പീക്കര്‍ കസേരയില്‍ ബിര്‍ളയെ എത്തിച്ചത്. ട്രഷറി ബെഞ്ചിലുള്ള പ്രോട്ടേം സ്പീക്കര്‍ വീരേന്ദ്രകുമാറിന്റെയോ മനേക ഗാന്ധിയുടേയോ അത്ര സീനിയോറിറ്റി ഇല്ലെങ്കിലും സംഘടനക്കുള്ളിലുള്ള ശക്തമായ സ്വാധീനമാണ് ബിര്‍ളയെ പുതിയ പദവിയിലെത്തിച്ചത്.

കോട്ട ഗവ. കോളജില്‍ നിന്ന് കോമേഴ്‌സില്‍ ബിരുദമെടുത്ത ബിര്‍ള രാജസ്ഥാനിലെ പ്രമുഖരായ വൈശ്യ സമുദായത്തില്‍ നിന്നുള്ള നേതാവാണ്. രാജസ്ഥാനിലെയും ഗുജറാത്തിലെയും സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്നതിന്റെ അനുഭവ സമ്പത്തും അദ്ദേഹത്തിന് കൈമുതലായുണ്ട്. 1992 മുതല്‍ 1995 വരെ രാജസ്ഥാന്‍ രാജ്യ സഹകാരി ഉപഭോക്ത് സംഘിന്റെ ചെയര്‍മാനായിരുന്നു. നാഷണല്‍ കണ്‍സ്യൂമേഴ്‌സ് കോ ഓപ്പറേറ്റീവ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റുമായിരുന്നു. പ്രധാനമന്ത്രി നരേനദ്രമോദി ഗുജറാത്തില്‍ അധികാരത്തിലെത്തുംമുന്‍പേ മോദിയുമായും അമിത് ഷായുമായും ഒന്നിച്ചുപ്രവര്‍ത്തിച്ച നേതാവാണ് ബിര്‍ള. നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയാണ്. തെരഞ്ഞെടുപ്പ് രംഗത്ത് തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ അസാമാന്യ പാടവമുള്ള നേതാവാണ്. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയുമായും അടുത്ത ബന്ധമാണുള്ളത്. തൊണ്ണൂറുകളില്‍ നഡ്ഡ യുവമോര്‍ച്ച അധ്യക്ഷനായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകനായിരുന്നു ബിര്‍ള.


Other News