ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്ക് പ്രിയമേറിയതായി സര്‍വേ; പത്രവായന കുറയുന്നു


AUGUST 15, 2019, 6:18 PM IST

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി വാര്‍ത്തകള്‍ വായിക്കുകയും കാണുകയും ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയെന്ന് ഏറ്റവും പുതിയ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വാര്‍ത്തയ്ക്കായി ഓണ്‍ലൈനിനെ സമീപിക്കുന്നത് 15 ശതമാനം വര്‍ധനിച്ചിട്ടുണ്ട്. ആദ്യ പാദത്തില്‍ ഇത് 13.8 ശതമാനമായിരുന്നു. 2017ല്‍ ഓണ്‍ലൈന്‍ വാര്‍ത്ത വായനയുടെ വളര്‍ച്ച ഒമ്പത് ശതമാനമായിരുന്നു.അതേസമയം വാര്‍ത്തയ്ക്കായി പത്രത്തെ ആശ്രയിക്കുന്നത് ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ 35.8 ശതമാനം കുറവുണ്ടായി. ആദ്യപാദത്തില്‍ ഈ കുറവ് 36.8 ശതമാനമായിരുന്നു. 2017ല്‍ പത്രവായനയിലുണ്ടായ കുറവ് 36.8 ശതമാനമായിരുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ വായിക്കുന്നതില്‍ 1.2 ശതമാനം കുറവാണ് ഈ വര്‍ഷത്തെ ആദ്യ രണ്ടുപാദത്തിലും ഉണ്ടായത്.

അതേസമയം ഹിന്ദിയും മറ്റ് പ്രാദേശികഭാഷകളിലുമുള്ള പത്രങ്ങള്‍ക്ക് കുടുതല്‍ തിരിച്ചടിയുണ്ടായിട്ടുണ്ട്. ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഹിന്ദി പത്രങ്ങള്‍ക്ക് 6.7 ശതമാനവും പ്രാദേശികപത്രങ്ങള്‍ക്ക് 8.1 ശതമാനവും വായനയില്‍ കുറവുണ്ടായി. ആദ്യ പാദത്തില്‍ ഹിന്ദിക്ക് 7.1 ശതമാനവും പ്രാദേശികപത്രങ്ങള്‍ക്ക് 8.4 കുറവുമാണ് ഉണ്ടായത്.

ഡിജിറ്റല്‍ വാര്‍ത്താ സംസ്‌ക്കാരം വളരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഐആര്‍എസ് സര്‍വ്വേ നല്‍കുന്നത്. ഐആര്‍എസിന് വേണ്ടി മീഡിയ റിസര്‍ച്ച് യൂസേഴ്‌സ് കൗണ്‍സില്‍ (എംആര്‍യുസി) ആണ് പഠനം നടത്തിയത്.

Other News