കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ നടപടിയ്ക്ക് വിവിധ രാഷ്ട്രീയകക്ഷികളുടെ പിന്തുണ, എതിര്‍ത്ത് കോണ്‍ഗ്രസ്സ്


AUGUST 5, 2019, 4:32 PM IST

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 ഭേദഗതി വരുത്തി കാശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ. തങ്ങളുടെ എതിര്‍ ചേരിയിലുള്ള പാര്‍ട്ടികളുടെ കൂടി പിന്തുണ നേടിയെടുക്കാന്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്കായി. അതേസമയം ഭേദഗതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനോടൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ, വൈക്കോയുടെ എഡിഎംകെ, ജമ്മുകാശ്മീരിലെ മറ്റ് പാര്‍ട്ടികള്‍ എന്നിവരാണുള്ളത്.

ബി.എസ്.പി, ആംആദ്മി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളാണ് കേന്ദ്രതീരുമാനത്തിന് പിന്തുണ അറിയിച്ചത്. ജമ്മുകശ്മീരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇത് സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. 

ബി.എസ്.പി. എം.പി. സതീഷ് ചന്ദ്ര മിശ്ര, എ.ഐ.ഡി.എം.കെ. എം.പി. എ. നവനീതകൃഷ്ണന്‍, ബി.ജെ.ഡി. എം.പി. പ്രസന്ന ആചാര്യ, വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.പി. വി. വിജയസായി റെഡ്ഡി തുടങ്ങിയവരാണ് രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ച് സംസാരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തെ ഇവര്‍ അഭിനന്ദിക്കുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. 

അതേസമയം, കോണ്‍ഗ്രസ്, ജെ.ഡി.യു. എം.ഡി.എം.കെ. തുടങ്ങിയ കക്ഷികള്‍ ബില്ലിനെ എതിര്‍ത്ത് സംസാരിച്ചു. ജനാധിപത്യം മരിച്ച ദിവസമാണെന്നായിരുന്നു എം.ഡി.എം.കെ. എം.പി. വൈക്കോയുടെ പരാമര്‍ശം. എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യത്തിന്റെ തലയറുത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പ്രതികരിച്ചപ്പോള്‍ ജമ്മുകാശ്മീരിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്ന് ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും 

നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷനുമായ  ഒമര്‍ അബ്ദുള്ള പറഞ്ഞു.

Other News