ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗായിക കെ എസ് ചിത്രയ്ക്ക് പത്മഭൂഷണും കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മശ്രീയുമുണ്ട്. ഗായകന് എസ് പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായ പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു.
തോല്‍പ്പാവക്കൂത്ത് കലാകാരന് കെ കെ രാമചന്ദ്ര പുലവര്‍, കലാ- വിദ്യാഭ്യാസ വിഭാഗത്തില്‍ ബാലന് പുതേരി, വൈദ്യമേഖലയില്‍ ഡോ. ധനഞ്ജയ് ദിവാകര്‍ സഗ്ഡിയോ, കായിക വിഭാഗത്തില്‍ മാധവന് നമ്പ്യാര്‍ എന്നിവരാണ് ഇത്തവണ പത്മശ്രീ ലഭിച്ച മറ്റു മലയാളികള്‍.
ലക്ഷദ്വീപ് സ്വദേശിയും സമുദ്ര ഗവേഷകനുമായ അലി മണിക്ഫാനും പത്മശ്രീ പ്രഖ്യാപിച്ചു. ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, ഡോ. ബെല്ലെ മോനപ്പ ഹെഗ്ഡെ, നരീന്ദര്‍ സിംഗ് കപനി, മൗലാന വഹീദുദ്ദീന്ഖാന്, ബി ബി ലാല്‍, സുദര്ശന് സഹോ എന്നിവരാണ് പത്മവിഭൂഷണ്‍ ലഭിച്ച മറ്റുള്ളവര്‍.