പാകിസ്താനിലെ മലയാളി രാഷ്ട്രീയ നേതാവ് ബിഎം കുട്ടി അന്തരിച്ചു


AUGUST 25, 2019, 12:59 PM IST

കറാച്ചി: പാകിസ്താനിലെ മലയാളിയും ഇടത് പക്ഷ നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബി.എം. കുട്ടി അന്തരിച്ചു.

ആറ് പതിറ്റാണ്ടായി പാക് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. 89 വയസായിരുന്നു. ായറാഴ്ച രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം.

1930ല്‍ തിരൂരില്‍ ജനിച്ച ബി.എം. കുട്ടി ആറ് പതിറ്റാണ്ടുകളായി പാക്കിസ്താന്‍ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. പഠന കാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യ കാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചു.'സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍- എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി' എന്ന ശ്രദ്ധേയ കൃതി രചിച്ചു.

പാകിസ്താന്‍ പീസ് കോയിലേഷന്‍ സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യൂക്കേഷന്‍ ആഡ് റിസര്‍ച്ചിന്റെ ഡയറക്ടറുമായിരിക്കേയാണ് അന്ത്യം.

ബി.എം കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന് നിരന്തരം പോരാടിയ നേതാവായിരുന്നു ബി.എം. കുട്ടി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞുതിരൂരില്‍ ജനിച്ച് പില്‍ക്കാലത്ത് പാക്കിസ്താനിലേക്ക് കുടിയേറിയ അദ്ദേഹം പാക് രാഷ്ട്രീയത്തില്‍ പ്രമുഖനായി വളര്‍ന്നു.

പ്രമുഖ പത്രപ്രവര്‍ത്തകന്‍ കൂടിയായ അദ്ദേഹം സമാധാനത്തിനുവേണ്ടിയും വര്‍ഗീയതയ്‌ക്കെതിരായും നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയ നേതാവായിരുന്നു. പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും പ്രധാന ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്ത അദ്ദേഹം എന്നും കേരളവുമായി അടുപ്പം പുലര്‍ത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Other News