ഭീകര നേതാവ് മസൂദ് അസ്ഹറിനെ പാക്കിസ്ഥാന്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്


SEPTEMBER 9, 2019, 12:10 PM IST

ന്യൂഡല്‍ഹി: കശ്മീരിനെ ചൊല്ലി ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതിനിടയില്‍ പാക് ക്സ്റ്റഡിയിലുണ്ടായിരുന്ന ഭീകര സംഘടനാ തലവനും  പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ മൗലാന മസൂദ് അസ്ഹറിനെ രഹസ്യമായി വിട്ടയച്ചതായി റിപ്പോര്‍ട്ട്.

ഭീകര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് സൂചന. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ജെയ്‌ഷെ മുഹമ്മദ് തലവനായ അസ്ഹറിനെ കസ്റ്റഡിയിലെടുത്തത്.

2019 മെയ് മാസത്തില്‍ അസ്ഹറിനെ ഭീകരവാദിയായി ഐക്യ രാഷ്ട്ര സംഘടന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎപിഎ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം മസൂദ് അസ്ഹറിനെ ഭീകരവാദി പട്ടികയില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു.പാകിസ്ഥാന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ അധിക സേനാവിന്യാസവും നടത്തിയിട്ടുണ്ട്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നീക്കത്തിന് മറുപടിയായി കഴിഞ്ഞ ദിവസങ്ങളില്‍ സിയാല്‍കോട്ട്-ജമ്മു കശ്മീര്‍ മേഖലയില്‍ വലിയ രീതിയില്‍ സേനാ വിന്യാസവും മറ്റു പ്രവര്‍ത്തനങ്ങളുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന്റെ ഭാഗമായിട്ടാണ് രാജസ്ഥാന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനികരെ പാകിസ്ഥാന്‍ എത്തിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ നീക്കങ്ങളെ സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലും മറ്റും കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.