അഭിനന്ദന്‍ വര്‍ധമാനെ പിടികൂടി ശാരീരികമായി ഉപദ്രവിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക് പട്ടാളക്കാരനെ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു


AUGUST 24, 2019, 8:01 PM IST

ന്യൂഡല്‍ഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ഫൈറ്റര്‍ മിഗ് 21 വെടിവെച്ചുവീഴ്ത്തി അദ്ദേഹത്തെ പിടികൂടുകയും തുടര്‍ന്ന്  ശാരീരിക ഉപദ്രവത്തിന് വിധേയമാക്കുകയും ചെയ്തതിന് പിന്നില്‍ പ്രവര്‍ത്തിച്ച  പാക് പട്ടാളക്കാരനെ ഇന്ത്യന്‍ സൈന്യം വെടിവച്ചുകൊന്നു. പാക് സൈന്യത്തിലെ സുബേദാര്‍ അഹമ്മദ് ഖാനാണ് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. അഹമ്മദ് ഖാനും സംഘവും നുഴഞ്ഞുകയറ്റുക്കാരെ അതിര്‍ത്തി കടത്തിവിടാന്‍ ശ്രമിക്കവേയാണ് ഇന്ത്യന്‍ സൈന്യം കണ്ടെത്തുന്നതും വെടിവപ്പുണ്ടാകുന്നതും. ഇന്ത്യയുടെ അപ്രതീക്ഷിത അക്രമത്തില്‍ പകച്ചുപോയ അഹമ്മദ് ഖാനും സംഘവും തിരിച്ച് വെടിവച്ചെങ്കിലും ശക്തമായ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

നോവ്‌ഷേറ,സുന്ദര്‍ഭാനി,പല്ലന്‍വാല എന്നിവിടങ്ങളിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറ്റുക്കാരെ കയറ്റിവിടുന്ന ദൗത്യത്തിന്റെ പ്രധാന സൂത്രധാരന്‍ അഹമ്മദ് ഖാനാണെന്ന് പറയപ്പെടുന്നു.ജെയ്‌ഷെ മുഹമമദിന്റെ പരിശീലനം ലഭിച്ച ഭീകരരെയാണ് ഇയാള്‍ ഇത്തരത്തില്‍ കശ്മീരിലേയ്ക്ക് കയറ്റിവിടുന്നത്. അഭിനന്ദിനെ പിടികൂടിയ ശേഷം ഫെബ്രുവരി 27 ന് പാക് സൈന്യം പുറത്തുവിട്ട ചിത്രത്തില്‍ അദ്ദേഹത്തിന്റെ തൊട്ടുപുറകില്‍ അഹമ്മദ് ഖാനേയും കാണാം. 

ഇന്ത്യന്‍ സൈന്യം നടത്തിയ ബല്‍ക്കോട്ട് ആക്രമണത്തിനുശേഷം ഇന്ത്യന്‍ വ്യോമയാനമേഖലയിലേയ്ക്ക് പ്രവേശിച്ച പാക് ഫൈറ്റര്‍ ജെറ്റിനെ പിന്തുടരവേയാണ് അഭിന്ദന്‍ വര്‍ധമാന്റെ മിഗ് 21 പാക് സൈന്യം വെടിവച്ചിടുന്നത്. തുടര്‍ന്ന് അതിര്‍ത്തിയിലെ പാക് സൈന്യവും ആള്‍ക്കൂട്ടവും നടത്തിയ അക്രമത്തെ അഭിനന്ദന്‍ ധീരമായി ചെറുത്തുനിന്നിരുന്നു.  തന്റെ പിസ്റ്റളില്‍ നിന്നും ആകാശത്തേയ്ക്ക് വെടിവച്ച് അടുത്തുള്ള കുളത്തിലേയ്ക്ക് ഇറങ്ങിയായിരുന്നു ആള്‍ക്കൂട്ടം നടത്തിയ കല്ലേറില്‍ നിന്നും അഭിനന്ദന്‍ രക്ഷപ്പെട്ടത്.

Other News