നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം; അതിര്‍ത്തിയോട് ചേര്‍ന്ന് യുദ്ധവിമാനം പറത്തി


NOVEMBER 30, 2020, 4:21 PM IST

ജമ്മു: ഇന്ത്യ പാക് നിയന്ത്രണരേഖയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. അതിര്‍ത്തിയോട് ചേര്‍ന്നുളള ഭാഗത്ത് പാകിസ്ഥാന്‍ യുദ്ധവിമാനം പറത്തി.

കാശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തിയിലാണ് പാക്കിസ്ഥാന് യുദ്ധവിമാനം പറപ്പിച്ചത്.

അതിര്‍ത്തികളില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പാടില്ല എന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് പാകിസ്ഥാന്‍ നടപടിയെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. ഈയടുത്ത കാലത്ത് ഇവിടെ പാക് നിര്‍മ്മിത ഡ്രോണുകള്‍ കണ്ടെത്തിയിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെളളിയാഴ്ച പാകിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറിലായിരുന്നു അന്ന് ആക്രമണം നടന്നത്.

ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. വ്യാഴാഴ്ചയുണ്ടായ വെടിവയ്പ്പില്‍ സേനയിലെ സുബേദാറായ സ്വതന്ത്രസിംഗ് വീരമൃത്യു വരിച്ചിരുന്നു. കാശ്മീരിലെ നഗ്രോതയില്‍ നടന്ന ഭീകര ആക്രമണത്തില്‍ പങ്കെടുത്ത നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Other News