രാഷ്ട്രപതിയുടെ വിമാനത്തിന് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചു


SEPTEMBER 7, 2019, 6:28 PM IST

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിദേശസന്ദര്‍ശനത്തിന് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളി. പാക് വിദേശകാര്യ മന്ത്രി ഷാ മെഹബൂബ് ഖുറേഷി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമീപകാലത്തെ മോശം പെരുമാറ്റമാണ് രാഷ്ട്രപതിയുടെ വിമാനത്തിന് വ്യോമപാത നിഷേധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. 

പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ താല്‍പര്യമാണ് തീരുമാനത്തിന് പിന്നില്‍.

ഫെബ്രുവരിയില്‍ പുല്‍വാമ ഭീകരാക്രമണത്തിനും തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തിനുമൊടുവില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമപാത നിഷേധിച്ചിരുന്നു. പിന്നീട്, ജൂലൈയില്‍ തുറക്കുകയും ചെയ്തു.അതിനുശേഷം ആദ്യമായിട്ടാണ് പാക്കിസ്ഥാന്‍ വ്യോമപാത അടക്കുന്നത്. അതേസമയം പാക്കിസ്ഥാന്റെ നടപടിയ്ക്ക് ഇന്ത്യ എങ്ങിനെ മറുപടി നല്‍കുമെന്ന കാര്യം വ്യക്തമല്ല.

ഐസ്ലന്‍ഡ്, സ്വിറ്റസര്‍ലന്‍ഡ്, സ്ലൊവേനിയ എന്നിവ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി തിങ്കളാഴ്ച പുറപ്പെടുന്നത്. ഈ രാജ്യങ്ങളിലെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയ നടപടിയെ തുടര്‍ന്ന് എന്തുചെയ്യണമെന്നറിയാതെ ആശക്കുഴപ്പത്തില്‍ നില്‍ക്കുന്ന പാക്കിസ്ഥാന്റെ ദയനീയ പ്രവര്‍ത്തിയായിട്ടാണ് ഈ തീരുമാനത്തെ ദേശീയ മാധ്യമങ്ങള്‍ കാണുന്നത്.


Other News