മുംബൈ: മദ്യ ലഹരിയില്‍ സഹയാത്രികയുടെ പുതപ്പിലും അടുത്ത സീറ്റിലുയം യാത്രക്കാരന് മൂത്രമൊഴിച്ച സംഭവത്തില്‍ വീണ്ടും എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി. ജി. സി. എ)യുടെ പിഴ. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യാത്രക്കാരന് സഹയാത്രികയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചതിന് എയര്‍ ഇന്ത്യ പിഴയൊടുക്കേണ്ടി വരുന്നത്.
പത്തു ലക്ഷം രൂപയാണ് രണ്ടാം തവണ എയര്‍ ഇന്ത്യക്ക് പിഴ ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് 30 ലക്ഷം രൂപയാണ് പിഴ വിധിച്ചത്.
പാരീസ്- ഡല്‍ഹി വിമാന യാത്രയ്ക്കിടെയാണ് രണ്ടാമത്തെ മൂത്രമൊഴിക്കല്‍ സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് വനിതാ യാത്രക്കാരിയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിക്കുകയായിരുന്നു. ഇക്കാര്യം എയര്‍ ഇന്ത്യ മറച്ചുവെച്ചു എന്ന പേരിലാണ് പത്തുലക്ഷം പിഴ വിധിച്ചിരിക്കുന്നത്.
2022 ഡിസംബര്‍ ആറിന് പാരീസ്- ന്യൂഡല്‍ഹി എ ഐ 142 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിന്റെ പൈലറ്റ് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയര്‍ ട്രാഫിക് കണ്ട്രോളില് വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂത്രമൊഴിച്ച പുരുഷ യാത്രക്കാരനെ പിടികൂടിയിരുന്നു. എന്നാല്‍ പിന്നീട് ഇരു യാത്രക്കാരുടെയും പരസ്പര ധാരണയെത്തുടര്‍ന്ന് കുറ്റാരോപിതനായ വ്യക്തിയെ പോകാന്‍ അനുവദിക്കുകയും ചെയ്തു.
വനിതാ യാത്രക്കാരി ആദ്യം രേഖാമൂലം പരാതി നല്‍കിയെങ്കിലും പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതോടെ ഇമിഗ്രേഷന്‍, കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം യാത്രക്കാരനെ എയര്‍പോര്‍ട്ട് സെക്യൂരിറ്റിയിലൂടെ പോകാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ സംഭവം ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി ജി സി എയുടെ ശ്രദ്ധയില്‍പ്പെടുകയും സംഭവം റിപ്പോര്‍ട്ട് ചെയ്യാത്തതിന് എയര്‍ ഇന്ത്യയോട് വിശദീകരണം തേടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പിഴ വിധിച്ചത്.