പി.ചിദംബരം സിബിഐ കസ്റ്റഡിയില്‍ തുടരും


AUGUST 23, 2019, 3:46 PM IST

ന്യൂഡല്‍ഹി: ഐഎന്‍എസ് മീഡിയ കേസില്‍ പി.ചിദംബരത്തിന്റെ സി.ബി.ഐ കസ്റ്റഡി തിങ്കളാഴ്ച വരെ തുടരും. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി കസ്റ്റഡി കാലാവധി നീട്ടണമെന്ന് സി.ബി.ഐ ആവശ്യപ്പെടുമെന്നാണ് അറിയാന്‍ കഴിയുന്നത്. കേസില്‍ സി.ബി.ഐയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും വാദം തിങ്കളാഴ്ച കോടതി കേള്‍ക്കും. തന്നെ അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ചിദംബരത്തിന്റെ ഹര്‍ജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതേസമയം ഓഗസ്റ്റ് 26 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ ബുധനാഴ്ചയാണ് ചിദംബരത്തിനെ സിബിഐ അറസ്റ്റ് ചെയ്തത്. ചിദംബരം മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത് അറസ്റ്റിന് സൗകര്യമൊരുക്കി. 

കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎന്‍എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. 

അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യയുപിഎ സര്‍ക്കാരില്‍ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും പി ചിദംബരമാണെന്നാണ് കേസ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പി ചിദംബരം നിഷേധിച്ചിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തന്നെ രാഷ്ട്രീയകാരണങ്ങളാല്‍ ലക്ഷ്യമിടുകയാണെന്നും ചിദംബരം ആരോപിച്ചു.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മകന്‍ കാര്‍ത്തി ചിദംബരത്തെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അന്ന് 23 ദിവസമാണ് കാര്‍ത്തിയെ സിബിഐ കസ്റ്റഡിയില്‍ വച്ചത്.

Other News