അടൂർ ഉൾപ്പെടെയുള്ളവർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹർജി  


JULY 28, 2019, 1:47 AM IST

പാറ്റ്‌ന:ആള്‍ക്കൂട്ട ആക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തെഴുതിയ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബീഹാര്‍ ഹൈക്കോടതിയില്‍ ഹർജി. രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ് കത്തെന്നും ആരോപിച്ച് 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

സുധീര്‍ കുമാര്‍ ഓജ എന്നയാള്‍ ബീഹാര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി സമര്‍പ്പിച്ചത്.അടൂരിനു പുറമെ മണി രത്‌നം, അനുരാഗ്, കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരായിരുന്നു പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം ഇപ്പോള്‍ യുദ്ധത്തിനുള്ള മുറവിളിയായി മാറിയിരിക്കുകയാണെന്നും അതില്‍ വേദനയുണ്ടെന്നുമാണ് കത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയത്.

കത്തഴെുതിയതിന് പിന്നാലെ അടൂരിന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കേണ്ടെങ്കില്‍ അദ്ദേഹത്തിന് ചന്ദ്രനിലേക്കു പോകാമെന്നും  ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്‌ണൻ രംഗത്തെത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Other News