പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നു; പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും യോഗം ഇന്ന്; കടുത്ത തീരുമാനങ്ങള്‍ക്ക് സാധ്യത


JANUARY 13, 2022, 8:27 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം നടത്തും. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താനാണ് യോഗം. കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന് യോഗത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷം കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി റിപ്പോര്‍ട്ട് പുറത്ത് വിടുന്നതേയുള്ളൂ.ബുധനാഴ്ച മഹാരാഷ്ട്രയില്‍ 46,723 പേര്‍ക്കും ഡല്‍ഹിയില്‍ 27,561 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ ഇന്നലെ 17934 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 7372 പുതിയ രോഗികളുണ്ട്. 19 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ്മരണം 36905 ആയി. ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.3% ആണ്

വെള്ളിയാഴ്ച പൊങ്കല്‍ ഉത്സവം തുടങ്ങാനിരിക്കെ കര്‍ശന നിയന്ത്രണങ്ങളാണ് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക നിയന്ത്രണം ഉറപ്പാക്കാന്‍ 16000 പോലീസുകാരെയാണ് ചെന്നെയില്‍ മാത്രം വിന്യസിക്കുന്നത്.

കേരളത്തില്‍ ഇന്നലെ 12,742 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3498, എറണാകുളം 2214 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി

Other News