പാക് അധീന കശ്മീരും ജമ്മുകശ്മീരിന്റെ ഭാഗം: ജീവന്‍ കൊടുത്തും അത് നിലനിര്‍ത്തും: അമിത് ഷാ


AUGUST 6, 2019, 1:19 PM IST

ന്യൂഡല്‍ഹി:    ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ പോലെ തന്നെ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും ജീവന്‍ കൊടുത്തും അത് നിലനിര്‍ത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ലോക്സഭയില്‍ ജമ്മു-കശ്മീര്‍ പ്രമേയത്തിലും സംസ്ഥാന പുന:സംഘടനാ ബില്ലിലുമുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മു-കശ്മീരിനെ സംബന്ധിച്ചുള്ള നിയമങ്ങളുണ്ടാക്കാന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്നും അമിത് ഷാ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് സഭയില്‍ ഉയര്‍ത്തിയത്.കേന്ദ്രസര്‍ക്കാര്‍ നിയമങ്ങളെല്ലാം ലംഘിച്ചെന്നും ഒരു സംസ്ഥാനത്തെ ഒറ്റ രാത്രികൊണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയെന്നും കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എത് നിയമമാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്നായിരുന്നു ഇതിന് അമിത് ഷായുടെ മറുപടി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമല്ലെന്ന് പറഞ്ഞ അധീര്‍ രഞ്ജന്‍ ചൗധരിയോട് കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരിനെ സംബന്ധിക്കുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും അമിത് ഷാ വ്യക്തമാക്കി.ബില്ലില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ കോണ്‍ഗ്രസ് കശ്മീരില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സഭയില്‍ ബഹളവും രൂക്ഷമായി. എന്നാല്‍ പ്രതിപക്ഷ എംപിമാരുടെ ബഹളത്തില്‍ ക്ഷോഭിച്ച അമിത് ഷാ ഇത് രാഷ്ട്രീയ നീക്കമല്ലെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ ബില്ല് പാസാക്കിയെടുക്കാന്‍ ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.

Other News