മുംബയ്: മഹാരാഷ്ട്രീയയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. മുംബൈയില്‍ തിരക്കിട്ട നീക്കങ്ങള്‍. യോഗം വിളിച്ച് ഇരുപക്ഷവും. ഏകനാഥ് ഷിന്‍ഡെ പക്ഷം 10 മണിക്ക് യോഗം ആരംഭിച്ചു. എന്നാല്‍ ശിവസേനയുടെ അടിയന്തര യോഗം 11.30നാണ്. ഇതിനിടെ പ്രിയങ്ക ഗാന്ധി മുംബൈയില്‍ എത്തി. സ്വകാര്യ സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡെ ക്യാമ്പിലാണ്. 44 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്ന് ഷിന്‍ഡെ വ്യക്തമാക്കി. 34 ശിവസേന എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ഷിന്‍ഡെ പക്ഷം പറയുന്നു. ഗുവാഹത്തിയില്‍ വിമതനീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ഏകനാഥ് ഷിന്‍ഡെയുടെ ക്യാമ്പിലേക്ക് ഇന്ന് രാവിലെയോടെ മൂന്ന് ശിവസേന എംഎല്‍എമാര്‍ കൂടിയെത്തി.
കുടുംബസമേതമാണ് ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ എന്ന പഞ്ചനക്ഷത്രഹോട്ടലിലേക്ക് എംഎല്‍എമാര്‍ എത്തിയത്. ഇതിനിടെ, ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന' ഏകനാഥ് ഷിന്‍ഡെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഡിറ്റോറിയലെഴുതി. 'സിബിഐയെയും ഇഡിയെയും പേടിച്ചോടിയതാണ് ഷിന്‍ഡെ' എന്നാണ് സാമ്‌ന ആരോപിക്കുന്നത്. 'ഷിന്‍ഡെ വഞ്ചി'ച്ചെന്നും സാമ്‌ന പറയുന്നു.
നിലവില്‍ ഷിന്‍ഡെ ക്യാമ്പില്‍ 34 എംഎല്‍എമാരുണ്ടെന്നാണ് സൂചന (ശിവസേനയ്ക്ക് ആകെ 55 എംഎല്‍എമാരാണ്). കൂറുമാറ്റനിരോധനനിയമം ഒഴിവാകണമെങ്കില്‍ നാല് എംഎല്‍എമാരുടെ പിന്തുണ കൂടി ഷിന്‍ഡെയ്ക്ക് വേണം. ഷിന്‍ഡെയ്‌ക്കൊപ്പം അഞ്ച് സ്വതന്ത്ര എംഎല്‍എമാര്‍ കൂടിയുണ്ട്. എന്നാല്‍ ഷിന്‍ഡെയ്‌ക്കൊപ്പം ഇപ്പോഴുള്ള 17 സേനാ എംഎല്‍എമാര്‍ തിരികെ മുംബൈയ്ക്ക് വരാന്‍ തയ്യാറാണെന്നും അവരെ തിരികെ അയക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് ശിവസേനയിലെ ഭരണപക്ഷം ആരോപിക്കുന്നത്.
'ഒരു ശിവസൈനികന്‍ തന്നെ മുഖ്യമന്ത്രിയാകുമെങ്കില്‍ സ്ഥാനമൊഴിയാ'മെന്ന വികാരനിര്‍ഭരമായ പ്രസംഗവും വസതി ഒഴിയലുമടക്കമുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഫലിക്കുന്നില്ലെന്ന് വേണം കരുതാന്‍. ഇന്നലെ രാത്രി ശിവസേനയിലെ വിമതരെല്ലാം ചേര്‍ന്ന് ഏകനാഥ് ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന് കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
അതേസമയം, ഇന്ന് ശിവസേനയും എന്‍സിപിയും തുടര്‍ച്ചയായി സ്ഥിതി വിലയിരുത്താന്‍ യോഗങ്ങള്‍ വിളിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് 'മാതോശ്രീ'യിലാണ് ശിവസേന നേതാക്കളുടെ യോഗം നടക്കുക. രാവിലെ 11.30-യ്ക്ക് ദില്ലിയില്‍ വൈ ബി ചവാന്‍ സെന്ററില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്.