സ്വര്‍ണം പണയപ്പെടുത്തി പാവങ്ങള്‍; വാങ്ങിക്കൂട്ടി പണക്കാര്‍


OCTOBER 13, 2021, 9:30 AM IST

ന്യൂഡല്‍ഹി: വിവാഹവും ഉത്സവവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഭാവിയിലെ ബുദ്ധിമുട്ടുകളും വിലക്കയറ്റവും പ്രതീക്ഷിച്ച് ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി വര്‍ദ്ധിച്ചു.

താരതമ്യേന സമ്പന്നരായ ആളുകളിലാണ് സ്വര്‍ണം വാങ്ങുന്ന പ്രവണത വര്‍ധിക്കുന്നത്. ദരിദ്രരായ ഇന്ത്യന്‍ കുടുംബങ്ങള്‍ അവരുടെ കൈയ്യിലുള്ള തുച്ഛമായ സ്വര്‍ണ്ണം പണത്തിനായി പണയം വയ്ക്കുകയും തിരിച്ചടവ് പരാജയങ്ങള്‍ കാരണം അവരുടെ കൈവശാവകാശം ലേലം ചെയ്യുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ധനികര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്.

കോവിഡ് പാന്‍ഡെമിക്കിനിടയിലുള്ള ഇന്ത്യയുടെ തുല്യമല്ലാത്ത സാമ്പത്തിക വീണ്ടെടുക്കലിന്റെ പ്രതിഫലനമാണിതെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

വാണിജ്യ മന്ത്രാലയത്തില്‍ ലഭ്യമായ ഡേറ്റ അനുസരിച്ച്, സ്വര്‍ണ്ണ ഇറക്കുമതി മൂല്യം ഓഗസ്റ്റില്‍ 82 ശതമാനം ഉയര്‍ന്ന് 6.7 ബില്യണ്‍ ഡോളറായും ജൂലൈയില്‍ 135 ശതമാനം വര്‍ദ്ധിച്ച് 4.2 ബില്യണ്‍ ഡോളറായും ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളില്‍, ഇന്ത്യ ഏകദേശം 19 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഏകദേശം 6 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയേക്കാള്‍ 200 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, മൊത്തം ഇറക്കുമതിയിലെ സ്വര്‍ണ്ണ ഇറക്കുമതിയുടെ വിഹിതവും കുത്തനെ യര്‍ന്നു. ഇത് സാമ്പത്തിക -ഇറക്കുമതി നയരൂപീകരണ കര്‍ത്താക്കള്‍ക്ക് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ജൂലൈയിലെ 9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ്ണ ഇറക്കുമതിയുടെ വിഹിതം ഓഗസ്റ്റില്‍ 14 ശതമാനത്തിലധികം ഉയര്‍ന്നു. സാധാരണഗതിയില്‍, സ്വര്‍ണ്ണ ഇറക്കുമതി അനിവാര്യമല്ലാത്ത ഇറക്കുമതിയായാണ് കണക്കാക്കപ്പെടുന്നത്. ഉയര്‍ന്ന ഇറക്കുമതി തീരുവ പോലുള്ള വിവിധ മാര്‍ഗങ്ങളിലൂടെ അവ കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു.

 കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിനെ അപേക്ഷിച്ച് ഈ വര്‍ഷം സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യം 40 ശതമാനം വര്‍ദ്ധിച്ചതായി ഗുജറാത്തിലും മഹാരാഷ്ട്രയിലും ശാഖകളുള്ള ജ്വല്ലറി സ്റ്റോറായ കെ.ആര്‍. സണ്‍സിന്റെ പാര്‍ട്ണര്‍ കരവ് വാവാഡിയ പറഞ്ഞു.

'കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞയുടന്‍, സ്വര്‍ണ്ണ വില 6,000 രൂപ വര്‍ദ്ധിച്ചു. ജൂലൈ അവസാന വാരത്തോടെ, സ്വര്‍ണ്ണ വിലയില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ക്ക് നിരവധി ഉപഭോക്താക്കളും പരിഭ്രാന്തി നിറഞ്ഞ അന്വേഷണങ്ങളും വന്നു. സ്വര്‍ണ്ണ വില കുറയുകയും പഴയ വിലയിലേക്ക് തിരികെ വരികയും ചെയ്‌തെങ്കിലും വാങ്ങല്‍  തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

''ആളുകള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗം അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ പ്രതീക്ഷിച്ചാണ് സ്വര്‍ണം വാങ്ങുന്നത്,'' വാവാഡിയ കൂട്ടിച്ചേര്‍ത്തു. 'വിവാഹ സീസണ്‍ അടുക്കുമ്പോള്‍, കൂടുതല്‍ ആളുകള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, ഇതോടെ ആവശ്യക്കാര്‍ കൂടുതലായി. ഇതിനുപുറമെ, അതിഥികളുടെ എണ്ണം കുറഞ്ഞതോടെ, നവദമ്പതികള്‍ക്ക് സമ്മാനമായി നല്‍കാന്‍ കൂടുതല്‍ കുടുംബങ്ങളും സ്വര്‍ണ്ണത്തിലാണ് നിക്ഷേപിക്കുന്നത്.

അതേസമയം വര്‍ദ്ധിച്ച ആവശ്യത്തിന് അനുസൃതമായി സ്വര്‍ണ്ണാഭരണങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് വാവാഡിയ പറയുന്നു.കോവിഡ് കുറഞ്ഞതോടെ ഡിമാന്‍ഡ് വര്‍ധിച്ചെന്നും ആളുകള്‍ സ്വര്‍ണം വാങ്ങുന്നത് നിക്ഷേപം എളുപ്പമാക്കുമെന്നും ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ & ജെംസ് ആന്‍ഡ് ജ്വല്ലറി സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ദിനേശ് ജെയിന്‍ പറഞ്ഞു.

'ജൂലൈ രണ്ടാം പകുതി മുതല്‍, വില്‍പ്പനയില്‍ 40-50 ശതമാനം വര്‍ദ്ധനവ് കണ്ടു. സാമൂഹിക സുരക്ഷിതത്വം അല്ലെങ്കില്‍ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങുന്നതാണ് നല്ലതെന്ന് പകര്‍ച്ചവ്യാധി ആളുകളെ പഠിപ്പിച്ചതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

'മുമ്പ് മടിച്ചിരുന്ന, ചെറുപ്പക്കാര്‍ ഇപ്പോള്‍ ബാങ്ക് നിക്ഷേപങ്ങളേക്കാള്‍ സ്വര്‍ണ്ണാഭരണങ്ങളില്‍ പണം നിക്ഷേപിക്കാന്‍ മടിക്കുന്നില്ലെന്ന് കാണുന്നു. ഇത് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചു, ''ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

'കോവിഡ് കേസുകളുടെ രണ്ടാം തരംഗം കുറഞ്ഞതോടെ വര്‍ഷത്തിലെ ഈ സമയത്ത് ആളുകള്‍ അവരുടെ വിവാഹങ്ങളും മറ്റ് സാമൂഹിക ചടങ്ങുകളും നടത്താന്‍ പദ്ധതിയിടുന്നു. അതിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു പ്രധാന നിക്ഷേപമാക്കി മാറ്റുന്നു. ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ ആകുമ്പോഴേക്കും ഈ ആവശ്യം 70 ശതമാനമായി ഉയര്‍ന്നാലും  അത്ഭുതപ്പെടേണ്ടതില്ലെന്ന് ജെയിന്‍ പറഞ്ഞു.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമാണെന്ന് വാങ്ങുന്നവര്‍ക്ക് ഉറപ്പുനല്‍കിക്കൊണ്ട് കഴിഞ്ഞ മാസത്തില്‍ സ്വര്‍ണ്ണ വില സ്ഥിരത കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വിപണിയില്‍ ഉത്സവ കാല ആവശ്യകതയ്ക്ക് പുറമേ, രത്‌നങ്ങളും ആഭരണ കയറ്റുമതിയും ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനുകളുടെ ഡയറക്ടര്‍ ജനറലും സിഇഒയുമായ അജയ് സഹായി അഭിപ്രായപ്പെട്ടു.  ഇത് ഇറക്കുമതി വര്‍ദ്ധനവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ ഇന്ത്യ 16 ബില്യണ്‍ ഡോളര്‍ രത്‌നങ്ങളും ആഭരണങ്ങളും കയറ്റുമതി ചെയ്തു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി ചെയ്ത 6 ബില്യണ്‍ ഡോളറില്‍ നിന്ന് 166 ശതമാനം വര്‍ദ്ധനവ്.

സമ്പന്നര്‍ വാങ്ങുന്നു, പക്ഷേ ദരിദ്രര്‍ പണയം വയ്ക്കുന്നു

സമ്പന്നര്‍ സ്വര്‍ണം സംഭരിക്കുന്നത് തുടരുമ്പോഴും, സ്വര്‍ണ്ണ വായ്പ എടുത്ത സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് അവരുടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെന്നാണ് സ്വര്‍ണ്ണ വായ്പാ സ്ഥാപനങ്ങളിലെ ലേലത്തിലുള്ള വന്‍ വര്‍ദ്ധനവ് വ്യക്തമാക്കുന്നത്.

സാധാരണഗതിയില്‍, സ്വര്‍ണം പണയം വച്ച ശേഷം എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വായ്പക്കാരന് കഴിയാതെ വരുമ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നത് സ്വര്‍ണ്ണ വായ്പാ കമ്പനികളാണ്.

മണപ്പുറം ഫിനാന്‍സ് പോലുള്ള സ്ഥാപനങ്ങളില്‍ അവരുടെ ലേലം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വര്‍ദ്ധിച്ചു. മുന്‍ പാദത്തിലെ 1 ടണ്ണില്‍ നിന്ന് 4.5 ടണ്‍ സ്വര്‍ണമാണ് ഈ കാലയളവില്‍ മണ്ണപ്പുറം ഫിനാന്‍സ് ലേലം ചെയ്തത്.

സമ്പന്നരുടെ വാങ്ങലിന്റെയും പാവപ്പെട്ടവരുടെ പണയം വയ്ക്കലിന്റെയും ഈ വിരോധാഭാസം ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ അസമമായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഇവൈയിലെ മുഖ്യ നയ ഉപദേഷ്ടാവ് ഡി.കെ. ശ്രീവാസ്തവ പറഞ്ഞു.

'ദരിദ്രര്‍ അവരുടെ ജീവിതോപാധികള്‍ നഷ്ടപ്പെടുമ്പോള്‍ സ്വര്‍ണ്ണം പണയപ്പെടുത്തി വായ്പ എടുക്കുന്നത്. പക്ഷേ വായ്പ തിരിച്ചടക്കാന്‍ കഴിയുന്നുമില്ല. മറുവശത്ത്, മികച്ച വരുമാനം പ്രതീക്ഷിച്ചും മൂന്നാം തരംഗത്തെ പ്രതീക്ഷിച്ചും സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനാണ് സമ്പന്നരുടെ ശ്രമം-അദ്ദേഹം പറഞ്ഞു.

 സമ്പദ്വ്യവസ്ഥയുടെ ഔപചാരിക മേഖല ഉയര്‍ന്നുവപ്പോളും പകര്‍ച്ചവ്യാധി മൂലമുണ്ടായ വരുമാന നഷ്ടത്തില്‍ നിന്ന് അനൗപചാരിക മേഖല ഇതുവരെ കരകയറിയിട്ടില്ല. ഇത് ഇന്ത്യയുടെ അസമത്വത്തിന്റെ പ്രതിഫലനമാണെന്നും ശ്രിവാസ്തവ ചൂണ്ടിക്കാട്ടി.  

Other News