ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം ഉടന്‍; സൂചനകള്‍ നല്‍കി കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്


FEBRUARY 13, 2020, 11:23 PM IST

ബംഗളൂരു: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനം ഉടനുണ്ടായേക്കുമെന്ന് സൂചന. കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. പ്രധാനമന്ത്രിയുടെ ഓഫിസുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്. സഭയുടെ ആവശ്യത്തിന് അനുകൂല മനോഭാവമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ ദേശീയ മെത്രാന്‍ സമിതിയുടെ 34മത് പ്ലീനറി സമ്മേളനത്തോടനുബന്ധിച്ചു നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാപ്പയുടെ സന്ദര്‍ശനത്തിന് ഒരുക്കമായി ഇരുരാജ്യങ്ങളും പ്രോട്ടോകോള്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. സിനഡിനായി കഴിഞ്ഞ വര്‍ഷം റോമിലെത്തിയ കര്‍ദ്ദിനാള്‍ ഗ്രേഷ്യസിനോട് മാര്‍പാപ്പ ഇന്ത്യന്‍ സന്ദര്‍ശനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 

ജനസംഖ്യയില്‍ ചെറുതെങ്കിലും മുന്നൂറോളം വരുന്ന ബിഷപ്പുമാരുടെ കീഴില്‍ രാജ്യത്തിന്റെ പുരോഗതിക്കായി പ്രയത്‌നിക്കുന്ന സമൂഹമാണ് ക്രൈസ്തവര്‍. അന്‍പത്തിനാലായിരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി ആറു കോടിയോളം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നു. ഇരുപതിനായിരം ആതുരാലയങ്ങളും സഭയുടേതായി പ്രവര്‍ത്തിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അരലക്ഷത്തിലധികം വൈദികരും ഒരു ലക്ഷത്തോളം സന്യസ്തരും ആയിരകണക്കിന് അല്മായരും വിവിധ സംഘടനകള്‍ വഴി സേവനമനുഷ്ഠിക്കുന്നുണ്ട്. ഭരണകൂടത്തിന്റെയും ഇതര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സമാധാനപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുവാനാണ് സഭയുടെ പരിശ്രമമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു. 

ജാതിമതഭേദമെന്യേ എല്ലാവരുമായി സൗഹൃദ സംഭാഷണത്തിനൊപ്പം സഞ്ചരിക്കാനായിരിക്കണം പരിശ്രമമെന്നു സി.ബി.സി.ഐ ജനറല്‍ സെക്രട്ടറി ബിഷപ്പ് ജോഷ്വ ഇഗ്‌നാത്തിയോസ് പറഞ്ഞു. 'സംവാദം: സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത' എന്നതാണു സമ്മേളനം ചര്‍ച്ചചെയ്യുന്ന വിഷയം. ഇന്ത്യയിലെ വത്തിക്കാന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ ആരംഭിച്ച സമ്മേളനം 19 വരെ നീളും. കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ അധ്യക്ഷതയിലാണ് സമ്മേളനം.

Other News