പ്രവാസികൾക്ക് വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റ് സജീവ പരിഗണനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ


FEBRUARY 23, 2021, 12:21 PM IST

പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള പോസ്റ്റൽ ബാലറ്റ് യാഥാർഥ്യമായേക്കും. പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാല ആവശ്യമായ പോസ്റ്റൽ ബാലറ്റിന് പൂർണപിന്തുണയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

ഇക്കാര്യത്തിൽ പൊതുതാൽപര്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ച ഡോ. ഷംഷീർ വയലിലുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ   സുനിൽ അറോറ കൂടിക്കാഴ്ച നടത്തി. അതിനു ശേഷമാണ് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയുണ്ടെന്ന് സുനിൽ അറോറ അറിയിച്ചത്.

വിദേശത്തു നിന്ന് വോട്ട് ചെയ്യാൻ പ്രവാസികൾക്ക് ഇലക്ട്രോണിക് ആയി ലഭ്യമാക്കുന്ന പോസ്റ്റൽ ബാലറ്റിലൂടെ സൗകര്യമൊരുക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിലും അറിയിച്ചു. ഇതിനായി നിയമ-വിദേശകാര്യമന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്.അക്കാര്യം പുരോഗമിക്കുകയാണെന്നും കമ്മീഷൻ അറിയിച്ചു.

ആദ്യഘട്ടത്തിൽ ഗൾഫ് ഇതരരാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം പോസ്റ്റൽ വോട്ട് ക്രമീകരണം ഏർപ്പെടുത്തുന്നവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ഷംഷീർ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. കമ്മിഷന്റെ പ്രതികരണം പ്രതീക്ഷാ ജനകമാണെന്നും ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസി പോസ്റ്റൽ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ.ഷംഷീർ വയലിൽ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഗൾഫ്‌ മേഖലയിലെ പ്രവാസികളെ ഒഴിവാക്കാൻ പറയുന്ന ന്യായങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണറുമായുള്ള കൂടിക്കാഴ്ചയിൽ ഷംഷീർ ചൂണ്ടിക്കാട്ടി.

നാട്ടിൽ പോകാതെ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ ഇപ്പോൾ തന്നെ അനുമതിയുണ്ട്. അതിനാൽ ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയം ഉന്നയിച്ചിട്ടുള്ള ആശങ്കകൾക്ക് അടിസ്ഥനമില്ലെന്നും ഡോ.ഷംഷീർ വയലിൽ പറഞ്ഞു. പതിനെട്ടു ലക്ഷത്തിലേറെ ഫിലിപ്പിനോകൾ യുഎഇയിൽ നിന്ന് വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതും ഷംഷീർ എടുത്തുപറഞ്ഞു.

 കേസിൽ സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകൻ ഹാരിസ് ബീരാനും ചർച്ചയിൽ പങ്കെടുത്തു.

Other News