മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു


AUGUST 13, 2020, 11:33 AM IST

ന്യൂഡല്‍ഹി: ശസ്ത്രക്രിയയ്ക്ക് വിധേയനാക്കപ്പെട്ട മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിലുള്ള  അദ്ദേഹം കോമയിലാണെന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 84-കാരനായ പ്രണബ് മുഖര്‍ജിക്ക് നേരത്തെ പരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചിരുന്നു.

തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി അറിയിച്ചു. ആരോഗ്യനില വഷളായിരിക്കുകയാണെന്നും വെന്റിലേറ്ററിന്റെ പിന്തുണയോടെയാണ് അദ്ദേഹം തുടരുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു.

പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പ്രണബ് മുഖര്‍ജിക്ക്  കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് തലച്ചോറില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ചും സൗഖ്യം നേര്‍ന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തിരുന്നു.

Other News