അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നതും നിര്‍മാണത്തിനു വേണ്ടി സംഭാവന നല്‍കുന്നതും ഹറാം എന്ന് ഒവൈസി


JANUARY 27, 2021, 11:04 PM IST

ഹൈദരാബാദ്: സുപ്രീംകോടതി വിധിയുടെ ഭാഗമായി ബാബറി മസ്ജിദിന് പകരമായി അയോധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ പ്രാര്‍ത്ഥിക്കുന്നതും നിര്‍മാണത്തിനു വേണ്ടി സംഭാവന നല്‍കുന്നതും 'ഹറാം'(നിഷിദ്ധം) ആണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി..

ബിദാറില്‍ ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതേക്കുറിച്ച് മതപണ്ഡിതന്മാരായ മുഫ്തികളുടെയും അഖിലേന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ഉലമയുടെയും അഭിപ്രായങ്ങള്‍ താന്‍ തേടിയിരുന്നു. എല്ലാവരും അതിനെ മസ്ജിദ് എന്ന് വിളിക്കരുതെന്നും അവിടെ പ്രാര്‍ത്ഥനകള്‍ നടത്താനാവില്ലെന്നുമായിരുന്നു അഭിപ്രായപ്പെട്ടത്.

പ്രാര്‍ത്ഥന നടത്തുകയും അവിടെ മസ്ജിദ് നിര്‍മാണത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നത് അനുവദനീയമല്ലെന്നും ഒവൈസി പറഞ്ഞു. മുസ്ലിങ്ങള്‍ ആ മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തരുത്. ആ മസ്ജിദിന്റെ നിര്‍മാണത്തില്‍ സംഭാവന ചെയ്യുന്നതിനുപകരം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സംഭാവന നല്‍കണമെന്നും ഒവൈസി പറഞ്ഞു.

ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ മത്സരിക്കുന്നതില്‍ നിന്ന് മുസ്ലിങ്ങള്‍ വിട്ടുനില്‍ക്കണം. അവരുമായി സഹകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ മൂന്ന് സമുദായങ്ങളും പരസ്പരം സഹകരിക്കാന്‍ തുടങ്ങിയാല്‍, ജനസംഖ്യയുടെ 22 ശതമാനം മാത്രമുള്ള ഉയര്‍ന്ന ജാതിക്കാരുടെ 70 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാന്‍ കഴിയുമെന്നും ഒവൈസി പറഞ്ഞു

Other News