ധീരയായ നേതാവിനെ നഷ്‌ടമായെന്ന് രാഷ്‌ട്രപതി;മഹത്തായ അധ്യായത്തിന്റെ അന്ത്യമെന്ന് പ്രധാനമന്ത്രി 


AUGUST 7, 2019, 1:40 AM IST

.ന്യൂഡല്‍ഹി:സുഷമാ സ്വരാജിന്റെ വേർപാടിലൂടെ  രാഷ്ട്രത്തിന് നഷ്‌ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു.


ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് സുഷമയുടെ വിയോഗത്തിലൂടെ അന്ത്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ട്വീറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.സുഷമാജിയുടെ മരണം വ്യക്തിപരമായ നഷ്‌ടമാണ്.


ഇന്ത്യയ്ക്ക് വേണ്ടി അവര്‍ ചെയ്‌ത കാര്യങ്ങളിലൂടെ അവര്‍ എന്നും സ്‌നേഹത്തോടെ ഓര്‍മ്മിക്കപ്പെടും. നിര്‍ഭാഗ്യകരമായ മണിക്കൂറില്‍ അവരുടെ കുടുംബത്തിന് പ്രാര്‍ത്ഥനയും പിന്തുണയും അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു.


സുഷമ ജിയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് ബി ജെ പി ദേശീയ പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.


സുഷമ സ്വരാജിന്റെ മരണം തീരാനഷ്ടമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. തന്നെ സംബന്ധിച്ചിടത്തോളം ഏറെ അവശ്വസനീയമായ വാർത്തയാണ് സുഷമ സ്വരാജിന്റെ വിയോ​ഗം. ദീർഘക്കാലത്തെ വ്യക്തിപരമായ ബന്ധം സുഷമ സ്വരാജുമായി ഉണ്ടായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ജ്യേഷ്‌ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നു.


തന്നെ സംബന്ധിച്ചിടത്തോളം മുൻ വിദേശകാര്യമന്ത്രി എന്നതിലുപരി വ്യക്തിപരമായ ബന്ധത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ തനിക്കപ്പോൾ അവരെക്കുറിച്ച് ഓർക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


Other News