പ്രസിഡന്റ് ട്രംപ് ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും


JANUARY 14, 2020, 5:04 PM IST

ന്യൂഡല്‍ഹി: അധികാരമേറ്റെടുത്ത ശേഷമുള്ള ആദ്യ ഇന്ത്യ സന്ദര്‍ശനത്തിന് ഒരുങ്ങുകയാണ് പ്രസിഡന്റ് ട്രംപ്. അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഇംപീച്ച്‌മെന്റ് വിചാരണയ്ക്കിടയില്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തുമെന്ന് ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 


ഇരുവര്‍ക്കും സ്വീകാര്യമായ ഒരു തീയതിക്കായി ഇരുരാജ്യങ്ങളിലേയും നയതന്ത്രപ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുന്ന ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരകരാറിലും വ്യോമയാന കരാറിലും പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം ഒപ്പുവയ്ക്കും.

സെപ്തംബറില്‍ അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി മോഡി അവിടെ ഹൗഡി മോഡി ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രസിഡന്റ് ട്രംപിനെ അദ്ദേഹം ഇന്ത്യസന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഈ ക്ഷണം സ്വീകരിച്ചാണ് ഇപ്പോള്‍ ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. കഴിഞ്ഞവര്‍ഷം റിപ്പബ്ലിക്ക് ഡേ ചടങ്ങില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിക്കുകയും ചെയ്തു.

2009 ന് ശേഷമുള്ള ഏറ്റവും കുറവ് വളര്‍ച്ചാനിരക്കില്‍ ഇന്ത്യ നട്ടം തിരിയുന്ന അവസരത്തിലാണ് ട്രംപ് രാജ്യം സന്ദര്‍ശിക്കാനൊരുങ്ങുന്നത്. മാത്രമല്ല പൗരത്വഭേദഗതി നിയമത്തെ തുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയുമാണ്.

Other News