വിദേശ പൗരത്വമുള്ളവര്‍ക്ക് വീടും പുരയിടവും വില്‍ക്കാന്‍ മുന്‍കൂര്‍ ആര്‍ ബി ഐ അനുമതി വേണ്ട 


JUNE 22, 2022, 9:37 PM IST

ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാര്‍ക്കും (നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ്) വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്കും (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) വീടുകളും പുരയിടങ്ങളും വില്‍ക്കാനും വാങ്ങാനും മുന്‍കൂര്‍  ആര്‍ ബി ഐ അനുമതി ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. 

എന്നാല്‍, വിദേശ ഇന്ത്യക്കാരും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും കൃഷിഭൂമിയോ ഫാം ഹൗസോ പ്ലാന്റേഷനോ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതിന് മുന്‍പ് ആര്‍ ബി ഐ അനുമതി വാങ്ങിയിരിക്കണം. 

വിദേശ പൗരത്വം എടുത്ത ഇന്ത്യക്കാര്‍ക്ക് സ്വത്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണമെന്ന് സുപ്രിം കോടതി വിധിയുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകളുടെയും സാമൂഹ്യ മാധ്യമ ചര്‍ച്ചകളുടെയും പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴാണ് സജീവമായിട്ടുള്ളതെങ്കിലും ആര്‍ ബി ഐ സര്‍ക്കുലര്‍ 2021 ഡിസംബര്‍ 29ന് പുറപ്പെടുവിക്കപ്പെട്ടതാണ്.

1973ലെ ഫെറ (ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട്) അല്ല, 1999ലെ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) വിദേശ പൗരത്വമുള്ള ഇന്ത്യക്കാരുടെ ആസ്തികള്‍ക്ക് ബാധകമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. 

1973ലെ ഫെറ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഒരു സ്വത്ത് വില്‍പ്പനക്കേസിലെ സുപ്രിം കോടതി വിധിയെ ആധാരമാക്കിയാണ് ചര്‍ച്ചകളെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഫെറ നിയമത്തിലുണ്ടായിരുന്ന ബന്ധപ്പെട്ട വ്യവസ്ഥ 1999ല്‍ പാസാക്കിയ ഫെമ നിയമത്തിലെ 49-ാം വകുപ്പിലൂടെ അസാധുവാക്കിയിരുന്നു. അതിനാല്‍, നിലവില്‍ വിദേശ ഇന്ത്യക്കാരും വിദേശ പൗരത്വമുള്ള ഇന്ത്യക്കാരും 1999ലെ ഫെമ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്. 

ബെങ്കലൂരുവിലെ ഒരു സ്വത്തുകൈമാറ്റവുമായി ബന്ധപ്പെടുത്തി നടന്ന കേസിലാണ് 2021 ഫെബ്രുവരി 26ന് സുപ്രിം കോടതി വിധി വന്നത്. 1977ല്‍ ചാള്‍സ് റൈറ്റ് എന്നൊരു വിദേശിയുടെ വിധവ റിസര്‍വ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. ഫെറ നിയമം നിലനിന്ന കാലമായിരുന്നതിനാല്‍ മുന്‍കൂര്‍ അനുമതി വേണമായിരുന്നു എന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ ഈ സ്ഥലത്തിന്റെ ഇടപാട്  കോടതി നിയമവിധേയമാക്കുകയും ചെയ്തു.

Other News