പ്രിയങ്ക ഗാന്ധി വീണ്ടും യു പി പൊലീസ് കസ്റ്റഡിയില്‍


OCTOBER 20, 2021, 6:33 PM IST

ആഗ്ര: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രിയങ്കയെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു പ്രിയങ്ക. നേരത്തെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ പോയപ്പോഴും പ്രിയങ്കയെ യു പി പൊലീസ് തടഞ്ഞിരുന്നു. 

ആവശ്യമായ അനുമതിയില്ലാതെയാണ് പ്രിയങ്ക എത്തിയത് എന്നാണ് യു പി പൊലീസ് പറയുന്നത്. 'എവിടെ പോകാനും ഞാന്‍ അനുമതി വാങ്ങണോ' എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം. ഇത് ക്രമസമാധാന പ്രശ്നമാണെന്നായിരുന്നു പൊലീസ് ഓഫീസറുടെ മറുപടി. ഞാന്‍ എവിടെയെങ്കിലും പോവാനിറങ്ങിയാലും അപ്പോള്‍ യു പി പൊലീസ് ഈ തമാശ തുടങ്ങും' എന്താണ് പ്രശ്നം? ഒരാള്‍ മരിച്ചു. എന്താണ് ക്രമസമാധാന പ്രശ്നം? പറയൂ എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. 

ആഗ്രയില്‍ അരുണ്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചു എന്നായിരുന്നു പൊലീസിന്റെ ആരോപണം. സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയായിരുന്നു അരുണ്‍. ചോദ്യംചെയ്യലിനിടെ ആരോഗ്യം മോശമായ അരുണ്‍ മരിച്ചു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. അരുണിന്റെ കുടുംബത്തെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു പി പൊലീസ് തടഞ്ഞതും കസ്റ്റഡിയിലെടുത്തതും.

Other News